Wednesday, May 9, 2012

മഴച്ചില്ലുകള്‍
മഴ !!! എത്ര സുന്ദരമായ പദം. മഴ എന്ന പ്രതിഭാസമൊന്നുകൊണ്ട് മാത്രം ഞാനേറെ സ്നേഹിയ്ക്കുന്നു പലതിനെയും. പക്ഷേ! പ്രകൃതിയുടെ പരീക്ഷയില്‍ പ്രാഥമിക ഘട്ടം പോലും ജയിയ്ക്കാനാകാത്ത തലമുറയ്ക്കായ് പാടുന്നു ഞങ്ങളുടെ കാലത്തുണ്ടായി ഇന്ന് കാലം തെറ്റി വെറുതെ പെയ്തു പോകുന്ന ഒരു പ്രതിഭാസത്തെപ്പറ്റി...  ആ മഴ പറഞ്ഞ കഥകളെപ്പറ്റി ഒരോര്‍മ്മ...

അന്ന് ക്ലാസ്സിലെ ഓട് പൊട്ടിച്ച് എന്റെ കയ്യിലേയ്ക്ക് തുടുതുടെ വീണ മഴത്തുള്ളി പറഞ്ഞ കളിമഴക്കഥ...

കൈത്തോട്ടില്‍ ആനന്ദത്തിന്റെ സ്വാതന്ത്ര്യ ഗാനങ്ങള്‍ പാടി മീനുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന സ്വാതന്ത്ര്യത്തിന്റെ ഗാനമഴ...

സ്ക്കൂള്‍ വിട്ട് വരവെ ഞാന്‍ കുട മറന്ന അവസരം നോക്കി എന്നെ അടിമുടി കഴുകിത്തണുപ്പിച്ച കുസൃതിമഴ...

കയ്യിലുണ്ടായിരുന്ന കുടകമഴ്ത്തിയും കാറ്റ് വീശിയതായ് ഭാവിച്ച് അത്  താഴെ വീഴ്ത്തിയിയും കണ്ണിലെ വെള്ളം ശുദ്ധീകരിച്ച ചാറ്റല്‍മഴ... 

മഴ തോര്‍ന്നപ്പോള്‍ നെല്ലിമരം പിടിച്ചു നിര്‍ത്തിയ മഴത്തുള്ളികളെല്ലാം ചേര്‍ന്നെനിയ്ക്കായ് പെയ്ത രണ്ടാംമഴ...

കയ്യാലയില്‍ പടര്‍ന്ന പന്തലിച്ച കണ്ണീര്‍ത്തുള്ളിക്കുടങ്ങളെ മത്സരിച്ച് പറിച്ചപ്പോള്‍ കയ്യില്‍ക്കുത്തിയ തൊട്ടാവാടിയെ ശപിച്ച് കണ്ണീര്‍ത്തുള്ളിയാല്‍ കണ്ണ് കഴുകിയ ഊഞ്ഞാല്‍മഴ...


വാസുപ്പിള്ളയുടെ പറമ്പിലെ വാഴത്തേന്‍ കുടിയ്ക്കാന്‍ പറമ്പില്‍ കയറിയപ്പോള്‍ മഴ നനഞ്ഞ കരിയിലത്തോപ്പിലിരുന്ന് നാക്ക് നീട്ടിയും ശബ്ദം പുറപ്പെടുവിച്ചും അപ്രത്യക്ഷമായും പേടിപ്പിച്ച സ്മരണമഴ...


ഉമ്മറത്തകൂടി കാപ്പികുടിയ്ക്കാത്തവനെപ്പോലെ ക്ഷീണിച്ചൊഴികിയ മഴച്ചാലുകളില്‍ പ്രത്യക്ഷപ്പെട്ട വളക്കൂട്ടങ്ങള്‍ക്കൊപ്പം അങ്ങിങ്ങായ്ക്കരഞ്ഞ് തവളകള്‍ പകര്‍ന്നു തന്ന ലഹരിമഴ...

കളിവള്ളങ്ങള്‍ക്ക് ശക്തിപോരാഞ്ഞ് വെള്ളം വള്ളത്തിലായപ്പോള്‍ ജനല്‍ച്ചില്ലകളിലൂടെ ഏന്തി നോക്കിയ കണ്ണുകളിലൂടെ മനസ്സിലെത്തിയ സങ്കടം വീണ്ടും വള്ളമുണ്ടാക്കാനുള്ള പ്രേരക ശക്തിയായ മഴ...

ആളൊഴിഞ്ഞ അമ്പലപ്പറമ്പില്‍ ഞാനും ദൈവവും മാത്രമായി നനഞ്ഞ പുണ്യമഴ...
 
കണ്ണിലെയും കാലിലെയും ക്ഷീണം കട്ടിലിലിരുത്തുമ്പോഴും വരൂ വരൂ എന്ന് കൈനീട്ടി വിളിയ്ക്കുന്ന കൊഞ്ചല്‍ മഴ...

മഴയത്തും എനിക്കായ് മധുരമാമ്പഴം നല്‍കിയ സൌഹൃദത്തിന്റെ സ്നേഹമഴ...

വീട്ടിലെപ്പാത്രങ്ങളെല്ലാം നിരനിരയായടങ്ങുയിപ്പോള്‍ കഞ്ഞിവെയ്ക്കാന്‍ മാത്രമായവശേഷിച്ച പാത്രത്തില്‍ നിറഞ്ഞ കണ്ണീര്‍മഴ...

പ്രകൃതിപാഠം കാണാതെ പുസ്തക പാഠങ്ങളിലൂളിയിട്ട്, കരയില്‍ കിടക്കുന്ന മീനിന്റെ വികാര വിചാരങ്ങള്‍ കീറിപ്പൊളിച്ച്, കുളിമുറിയിലെ ഷവര്‍ മേഘം ഉതിര്‍ത്ത തുള്ളികളെ മഴയായറിഞ്ഞ്, കുടയ്ക്കും കോട്ടിനും വെളിയില്‍ മഴയെപ്പിടിച്ചു തള്ളി , നെല്ലി സൂക്ഷിച്ച മഴത്തുള്ളിയും മഴ കാത്ത നെല്ലിയും കാണാതെ, പറമ്പുകളിലെ നനഞ്ഞ മണ്ണിന്റെ മണമറിയാതെ, മണ്ണറിഞ്ഞ കര്‍ഷകന്റെ വിലാപമറിയാതെ, മണ്ണിന്റെ മക്കളുടെ പാട്ട് കേള്‍ക്കാതെ, അവരുടെ മഴയാനന്ദമറിയാതെ, കളിവള്ളത്തിന് പകരം വീഡീയോ ഗെയമിലഭയം കണ്ടെത്തുന്ന, കണ്ണീര്‍ത്തുള്ളികാണാതെ ബോണ്‍സായിയിലൂയാലാടുന്ന, സൌഹൃദത്തിന്റെ വില കിലോയ്ക്കെത്രയെന്നാരായുന്നമധുരമാമ്പഴത്തിന്റെ രുചി കയ്പ്പെന്ന പറയുന്ന, സ്വഭാഷായെ ഇരുമ്പഴിയ്ക്കുളളിലാക്കുന്ന തലമുറയ്ക്ക്എന്താശംസിയ്ക്കും ഞാന്‍...

ആശംസയ്ക്ക് എസ് എം എസ് നമ്പര്‍ ചോദിയ്ക്കുന്ന തലമുറയേ നിങ്ങള്‍ താണ്ടിയ വഴിയ്ക്ക് തൊട്ട മുമ്പേ ഞങ്ങള്‍ വഴിപിരിഞ്ഞിരുന്നു...


10 comments:

 1. മഴ എല്ലാരേം കവിതയുമെഴുതിക്കുമോ....? ഈ മഴേടെ ഒരു കാര്യം

  ReplyDelete
 2. ചിരുതക്കുട്ടി......ഞാനും ഏറെ ഇഷ്ടപ്പെടുന്നു മഴയെ..ഒപ്പം ഈ അക്ഷരത്തുള്ളികളേയും..........

  ReplyDelete
 3. ചിലപ്പോള്‍ മഴ ഒരു അനുഗ്രഹം
  ചിലനേരം ആശ്വാസം
  അല്ലെങ്കില്‍ പ്രതീക്ഷ
  വല്ലപ്പോഴും നന്നായി നനയാനുള്ളതും എപ്പോഴും കാണാനുള്ളതും അതാണെന്റെ മഴ.

  ReplyDelete
 4. മനോഹരമായി എഴുതി.

  നല്ലൊരു മഴ നനഞ്ഞ പ്രതീതി... നന്ദി.

  ReplyDelete
 5. മഴയോര്‍മ്മകള്‍ ഉയര്‍ത്തിയ വികാരം മനോഹരം തന്നെ..
  പക്ഷേ,അവസാനത്തെ വരിക്ക് അനാവശ്യമായ ഒരു ഗൃഹാതുരചൊവ..ആശംസയ്ക്ക് എസ് എം എസ് നമ്പര്‍ ചോദിയ്ക്കുന്ന തലമുറയുടെ വഴിയില്‍ നിന്നും പിരിയുവാന്‍ ശെരിക്കും ചിരുതയ്ക്ക്(അല്ല, നമുക്കാര്‍ക്കെങ്കിലും) പറ്റുമോ?

  ReplyDelete
  Replies
  1. മനസ്സിലെ ബന്ധങ്ങള്‍ ആണ് വഴി പിരിഞ്ഞത് ,അതല്ലേ ഇപ്പോള്‍ നടക്കുന്നത്....

   Delete
 6. വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുറ്റും മഴ പെയ്തുകൊണ്ടിരിക്കുന്നത് പോലെ തോന്നി . കുട്ടിക്കാലത്ത് മഴയത്ത് കുടയും പിടിച്ചു നനഞ്ഞു കുളിച്ച നിമിഷങ്ങള്‍ ഓര്‍മവന്നു ..
  പക്ഷെ അവസാനമായപ്പോഴേക്കും നഷ്ടബോധത്തിന്റെ ഒരു ദുഖം ..!!

  ReplyDelete