Wednesday, June 27, 2012

ചൂരല്‍ക്കഷായം തീര്‍ന്നുകെട്ടോ! ഇന്നും അവന്‍ തന്നെയായിരിയ്ക്കും ഉസ്കക്കൂളിന്റെ മാവിലെറിഞ്ഞ് സാദിഖിന്റെ തല പൊട്ടിച്ചത് !എന്റെ ജീവിതം കോഞ്ഞാട്ടയാക്കാന്‍ കച്ച കെട്ടി ഇറങ്ങീരിക്ക്യാ...  മനസ്സില്‍ ഓര്‍ത്തപ്പൊഴേയ്ക്കും മേരിട്ടീച്ചറ് മേശയ്ക്കുള്ളില് കയ്യിട്ടു. അകത്തേയ്ക്ക് വലിഞ്ഞതാ എന്നിട്ടും ടീച്ചറിന്റെ കയ്യിലിരുന്നു. ഇങ്ങനെത്തവന്മോരുടെ പാറപോലത്തെ ശരീരവും, കരിങ്കല്ല് പോലത്തെ തുടയിലും വീണ് തലതല്ലിച്ചാകാന്‍ തന്നെയാണ് എന്റെ വിധി.


 ഇത്തവണ ബഞ്ചിനിട്ടാണ് തലകൊണ്ടത്. ഇടീടെ ആഘാതത്തില്‍ ഒരു ചെറ്യേ കഷ്ണം ഊരിത്തെറിച്ചും പോയി. അപ്പളാ മനസ്സിലായെ ഇന്ന് മാവേക്കള്ളന്‍ ഞാന്‍ ഉദ്ദേശിച്ചവനല്ലെന്ന്. പക്ഷേ മാവേല്‍ക്കള്ളനാരായാലും കിട്ടണത് നമ്മക്ക് തന്നെയാ. എന്റെ നെറുംകും തലേന്നൊരു കഷ്ണം അടര്‍ന്ന് പോയിട്ടും ഏറ് കിട്ടിയവന്‍ സന്തോഷത്തിലായിരുന്നു.

ദൈവമേ ആറ് എ യിലെ പിള്ളേര്‍ക്കെല്ലാം നല്ല ബുദ്ധി കൊട്ക്കണേ പൊട്ടിയ തലയില്‍ തൊട്ടോണ്ട് പറയുന്നതെങ്കിലും കേള്‍ക്കെണെ എന്റെ ദൈവമേ...അല്ലെങ്കില്‍ ആറ് ബി ക്കാര്‍ക്ക് മാങ്ങാമോഹം ഉണ്ടാക്കണെ. ആറ് ബിയിലെ സിന്ധുട്ടീച്ചറിന്റെ ഡ്രോയില് ഇരിയ്ക്കണതിന് ഒരു പൊട്ടലാകട്ടെ പോറലാകട്ടെ ഒന്നുമില്ല. ക്ലാസ്സ് ലീഡറ് ശ്യാമ കൊണ്ടുവന്നപ്പോളിരുന്ന പോലെ തന്നെ.

    ഡയറി ഇത്രേ ഒള്ളു. ബാക്കി എഴുതിയ്ക്കൊണ്ടിരുന്നപ്പോഴേയ്ക്കും - ആറ് എ യിലെ ചുണക്കുട്ടികളുടെ കൃത്യങ്ങള്‍ പൊട്ടിച്ചീറ്റിയ ചൂരലിന്റെ സംസ്ക്കാരം ഉച്ചയ്ക്ക മുമ്പേ നടത്തിക്കാണണം .രാത്രി ഉറങ്ങാമെന്നും    ഉച്ചനേരത്തെഴുതാമെന്നുമോര്‍ത്ത ആ ചൂരലിന് ആറ് എ ക്കാര്‍ പണി കൊടുത്തതാവാം. പിറ്റേന്നും സാദിഖിന് ഏറ് കൊണ്ടോ, മാവേല്‍ക്കള്ളന്മാര്‍ വീണ്ടും ആറ് എ യില്‍ത്തന്നെ പിറവിയെടുത്തോ, ഇതെല്ലാം അറിഞ്ഞ് ആറ് ബി ചൂരല്‍ ശത്രുസംഹാരം നടത്തിയോ, ആറ് എയിലെ അരുണ്‍ മാവേല്‍ക്കള്ളന്‍ പോസ്റ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടോ, ആറ് ബി ചൂരല്‍ ആറ് എ ചൂരലിന് പകരക്കാരനായോ ഒന്നും പറയാതെ ആ ഡയറി അപൂര്‍ണ്ണമായി അവസാനിച്ചു. 

   വര്‍ഷങ്ങളായി എച്ച്.എം ആയി സേവനമനുഷ്ഠിയ്ക്കുന്ന വിജയലക്ഷ്മിട്ടീച്ചറിനോടൊപ്പം വന്ന ചൂരല്‍ ഇന്ന് പഴയചാര്‍ട്ടുകള്‍ക്കിടയിലൊളിച്ചിരുന്ന് വായനാ ദിനത്തില്‍ അപ്പൂപ്പന്റെ ഡയറി സമാഹാരത്തിലെ അപൂര്‍ണ്ണമായ അവസാന ഭാഗം വായിച്ചുറങ്ങുവാന്‍ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ മടുത്തപ്പോഴാണ് ഇത് വായിക്കാമെന്ന കരുതിയത്. ബോറായി, എന്ത് പറ്റിയെന്ന് പറയാതെ അവസാനിയ്ക്കുന്ന ഒരു പൊട്ട ക്ലൈമാക്സും. പൊടിക്കിടയിലെ ഉറക്കത്തിലേയ്ക്ക് വീണ്ടും... ചൂരല്‍പ്പേരക്കുട്ടികളെയെല്ലാം ഉറക്കിക്കൊണ്ടൊരു തരാട്ട് പോലെ... ഉറക്കം മടുത്തു പക്ഷേ!    ഒടുവില്‍ പഴയ ചാര്‍ട്ടുകളില്‍ നിന്നും സടകുടഞ്ഞെഴുന്നേറ്റ് ചൂരല്‍  പതിയെ കണ്ണ് തുറന്നു. ആരുടെയെങ്കിലും അടുത്ത് പോയി ഒരടിവാങ്ങാന്‍ കൊതിച്ചു

അപ്പൂപ്പന്റെ കാലത്തെ തെമ്മാടിപ്പിള്ളേരെയും കാത്ത്...
മധുരക്കനിയേകുന്ന മാവ് കുട്ടികളെ കൈനീട്ടി വിളിയ്ക്കുന്നതും കാത്ത്...
ഡ്രോയറില്‍ നിന്നും ചാടിയിറങ്ങി തുടയിലോ കയ്യിലോ ചാടി വീഴുന്നതും കാത്ത്...
പക്ഷേ ഒന്നും സംഭവിച്ചില്ല...
ആരും ചൂരലിനെ തിരിഞ്ഞ് നോക്കിയില്ല.
ക്യൂ പാലിച്ച് പോകുന്ന കുട്ടികളും,
തണലോ,മധുരമോ ഏകാത്ത മാവും,
വായില്‍ നിന്നും ഒലിച്ചിറങ്ങി കയ്യില്‍ കയറിയ നരച്ച ആംഗലേ
യ പദങ്ങളുമായി ശാസനയുടെ പുതിയ  രൂപം കണ്ട്...
ഒരിറ്റു കണ്ണീരു ബാക്കിയാക്കി ചൂരലയ്യോ! പൊട്ടിത്തെറിച്ചു...
1 comment:

 1. കുട്ടി കൈ നീട്ടൂ.....!!!

  ഒന്ന്
  രണ്ട്
  മൂന്ന്

  ഹൌ..എന്തൊരു വേദന
  കാലന്‍ മാഷ്

  ReplyDelete