Saturday, August 27, 2011

ചിരുതയുടെ ഓണപ്പരീക്ഷാ ചിന്തകള്‍


               2011-12  ലെ SSLC പരീക്ഷ എഴുതുന്നവരില്‍ ഒരാളാണ് ഞാന്‍ . ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പുത്തന്‍ പഠനരീതികളും പരീക്ഷകളും ശീലിച്ച ഞങ്ങള്‍ക്ക് നിരന്തര മൂല്യനിര്‍ണ്ണയങ്ങള്‍ പുത്തരിയല്ല. തുടര്‍ച്ചയായ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പുത്തന്‍ ടെക്സ്റ്റിന്റെ ആദ്യ വിധികര്‍ത്താക്കള്‍ ഞങ്ങളായിരുന്നു

       'മതമില്ലാത്ത ജീവന്‍' സ്കൂളില്‍ ചേരാന്‍ എത്തിയത് ഏഴാം ക്ലാസ്സില്‍ ഞങ്ങളുടെ കൂടെയായിരുന്നു. എന്നാല്‍ സ്കൂള്‍ പൂട്ടും മുമ്പ് തന്നെ പേരിലും  ഭാവങ്ങളിലും മാറ്റങ്ങളുമായി പുതിയൊരു താളില്‍ എത്തിയ ജീവനെ ഞങ്ങള്‍ പുസ്തകത്തില്‍ ഒട്ടിച്ചു ചേര്‍ത്തു.ഇപ്പോള്‍ പത്താം ക്ലാസ്സില്‍ വിവാദത്തിലായിരിക്കുന്നത് ചരിത്ര പുസ്തകം. ഇന്നലെകളുടെ ജീവിതം ഇന്നത്തെ  ചരിത്രമായപ്പോള്‍, ആ ചരിത്രത്തെ തിരുത്തുവാന്‍ ഇന്നിന്റെ  പ്രിയ പുത്രര്‍ ശ്രമിക്കുന്നത് ശരിയല്ല. ചരിത്രം പ്രീതിക്കും പ്രതീകത്തിനും കളങ്കമാണെന്നറിഞ്ഞപ്പോള്‍  അത് മായ്ച്ചു കളഞ്ഞുകൊണ്ടല്ല , ആ  സത്യം തിരിച്ചറിഞ്ഞ്  നാളത്തെ ചരിത്രത്തിലെങ്കിലും തങ്കലിപികളില്‍ എഴുതപ്പെടാന്‍ തക്ക  പ്രവൃത്തികള്‍ ഇന്ന് ചെയ്യുകയാണ് വേണ്ടത് എന്ന് അവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. .

       സ്കൂള്‍ വിട്ടുവരുന്ന സുന്ദരമായ സായാഹ്നങ്ങള്‍ ഞങ്ങള്‍ക്ക് മനോഹരമായി അനുഭവപ്പെട്ടത് SSAനല്‍കിയ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. പരീക്ഷാ മര്‍ദ്ദം പരീക്ഷാപ്പേടിക്ക് വഴിതെളിക്കാതെ മര്‍ദ്ദ ക്രമീകരണത്തിലൂടെ അതായത് നിരന്തര മൂല്യ നിര്‍ണ്ണയത്തിലൂടെ എല്ലാ വിദ്യാര്‍ഥികളെയും നിരന്തരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള സുസ്ഥിരമായ വിദ്യാഭ്യാസ രീതി നടപ്പിലാക്കിയത് SSAയുടെ വലിയ മുതല്‍ക്കൂട്ടാണ്. മാര്‍ക്കുകളില്‍ നിന്നും  ഗ്രേഡിങ്ങ് സംവിധാനത്തിലേക്കുള്ള മാറ്റം എല്ലാ വിദ്യാര്‍ഥികളുടേയും  ഒരുമിച്ചുള്ള മന്ദഹാസത്തിന്റെ തിരിച്ചുവരവുകൂടിയായിരുന്നു.

        പാഠപുസ്തകത്തിലെ താളുകള്‍ മനസ്സറിയാതെ ഹൃദിസ്ഥമാക്കുന്നവര്‍ക്കെഴുതാവുന്ന പരീക്ഷയോ, നിലവാരത്തിന്റെ 'തുലാസ്സില്‍  താഴ്ന്നിരിക്കുന്ന നിലവാരക്കാര്‍ക്കു' മാത്രം എഴുതാവുന്ന പരീക്ഷയോ അല്ല SSA യുടേത്. മറിച്ച് എല്ലാ നിലവാരത്തിലുള്ള വിദ്യാര്‍ഥികളും  ആസ്വദിച്ചിരുന്ന തരം ചോദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ SSA എന്നും ശ്രദ്ധിക്കുന്നു  എന്നത് അഭിന്ദനാര്‍ഹമാണ്. സാമൂഹ്യമായ ഇടപെടലിനുള്ള സാഹചര്യം ‌മെനഞ്ഞുതന്ന പുത്തന്‍ പാഠ്യപദ്ധതിയിലെ പ്രോജക്റ്റുകളും സെമിനാറുകളും  പഠിതാവിന്റെ സര്‍ഗ്ഗാത്മകതക്ക് എന്നും  പ്രോത്സാഹനവുമാകുന്നു.
  
       വര്‍ഷത്തില്‍ രണ്ട് സെറ്റ് പുസ്തകങ്ങളും അതിനൊത്ത പരീക്ഷകളും ആയിരുന്നു കഴിഞ്ഞ രണ്ടു  വര്‍‍ഷങ്ങളായി ഞങ്ങള്‍ക്കുണ്ടായിരുന്നത്.അതില്‍ നിന്നും വ്യത്യസ്തമായി ഇക്കൊല്ലം അക്കാഡമിക്ക് കലണ്ടറിലേക്ക് തിരുകിച്ചേര്‍ത്ത ഓണപ്പരീക്ഷയുടെ തുടക്കം മുതലൊടുക്കം വരെ വിവാദപൂര്‍ണ്ണമായിരുന്നുവെന്ന് പറയാം. SCERT യുടെ വെബ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് രഹസ്യമായച്ചടിക്കേണ്ടതായിരുന്നു ചോദ്യപ്പേപ്പര്‍. എന്നാല്‍ ഇത്തവണത്തെ പരീക്ഷയുടെ ചോദ്യങ്ങള്‍ നിരത്തുകളിലൂടെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

       രഹസ്യ കോഡ് അറിഞ്ഞ ചില അദ്ധ്യാപകര്‍ തങ്ങള്‍ നടത്തുന്ന റ്റ്യൂഷന്‍ സെന്ററുകളില്‍ പരീക്ഷാ ചോദ്യങ്ങള്‍ നല്‍കുകയും ,മറ്റു പല രീതികളിലുടെ ചോദ്യങ്ങള്‍ എത്തിക്കുകയും ചെയ്ത്  അദ്ധ്യാപന വൃത്തിക്കുമേല്‍ കളങ്കം ചാര്‍ത്തി. തുല്യതയിലധിഷ്ഠിതമായ സാമൂഹ്യസൃഷ്ടി  എന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ  തന്നെ എറിഞ്ഞുടക്കന്നതായിപ്പോയി ഇത്.

       ഓണപ്പരീക്ഷയുടെ ചോദ്യ ചോര്‍ച്ചാ വിവാദങ്ങളില്‍ മൌനവ്രതത്തിലായിരുന്ന മന്ത്രി മൌനം വെടിഞ്ഞത് ഓണപ്പരീക്ഷാപ്രഹസനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറഞ്ഞ അദ്ധ്യാപകര്‍ക്കതിരെ നടപടി എടുക്കുമെന്ന് ഭീഷിണിപ്പെടുത്താനാണ്.

     വിവാദങ്ങളില്‍പ്പെട്ട് ചരിത്രം അപ്രധാനിയായപ്പോള്‍ പരീക്ഷയില്‍ നിന്നും ഹിസ്റ്ററി ഒഴിവാക്കപ്പെട്ടു. എന്നാല്‍ ഹിസ്റ്ററി പരീക്ഷ നടത്തി ചില ക്രൈസ്തവ മാനേജ്മെന്റ് വിദ്യാലയങ്ങള്‍ തങ്ങളുടെ തന്നെ അഭിപ്രായങ്ങളെ  ചോദ്യം ചെയ്തു.

       ഇത്തരത്തില്‍ ഓണപ്പരീക്ഷയുടെ ഏകാത്മകതയും വിശ്വാസ്യതയും  വിവിധ രീതിയില്‍ നഷ്ട്ടപ്പെട്ടുഓണപ്പരീക്ഷ അതിന്റെ സ്വാഭാവിക സൌന്ദര്യത്തോടു കൂടി  നടന്നില്ലെങ്കിലും ഓണപ്പരീക്ഷ എന്ന പേരിലൂടെയെങ്കിലും ഗൃഹാതുരത്വം നിലനിര്‍ത്തിയല്ലോ .ഹാ എന്റെ റബ്ബുല്ലാലമീനായ തമ്പുരാനെ,താങ്കളുടെ പരീക്ഷ ഞങ്ങളെഴുതിയത് ‌ഞങ്ങളുടെ വളര്‍ച്ചക്കു വേണ്ടിയാണ്. നിങ്ങളുടെ വിവാദങ്ങളില്‍ ഇനിയുമുഴലാന്‍ ഞങ്ങളെക്കൊണ്ടാകില്ലചിത്രത്തിന് കടപ്പാട് ഗൂഗിള്‍

ഓണപ്പരീക്ഷാ ചിന്തകള്‍


ഓണപ്പരീക്ഷാ ചിന്തകള്‍ 
            -പ്രതീക്ഷിക്കുക