Wednesday, September 14, 2011

ഉത്തരക്കടലാസ്സുകള്‍ പറയുവാന്‍ ബാക്കി വെച്ചത്...

                   (പഠിച്ചു പഠിച്ചു കീഴോട്ട്   ആണല്ലോ എന്ന്  പറയുന്നവര്‍ക്ക് വേണ്ടി   
                                സഹതാപത്തോടെ സമര്‍പ്പിക്കുന്നത് )    

    
നീളത്തിലും,വട്ടത്തിലും,കുറുകെയുമുള്ള ചോന്ന ചിത്രങ്ങള്‍.
ചിലപ്പോള്‍ സഹതാപത്തിന് നേരെ കണ്ണിറുക്കുന്ന  ചോദ്യചിഹ്നങ്ങള്‍.
ചോദ്യ പേപ്പറുകളിലെ ചോദ്യത്തിന് പുറമേ
 കൊഞ്ഞനം ആവര്‍ത്തിക്കുന്ന മറു ചോദ്യങ്ങള്‍.
ശുന്യമായ ഉത്തരക്കടലസ്സില്‍ ചെളിവെള്ളം തെറിച്ചമാതിരി അവിടെയുമിവിടെയും
താങ്ങാവശ്യമുള്ള  ചാഞ്ഞ അക്ഷരങ്ങള്‍.
ഇഷ്ട്ട ചോദ്യത്തിനെ യുക്തിയിലെക്കും,ചിന്തയിലേക്കും
വഴിനടതുമ്പോള്‍...
പിഴച്ചു പോകുന്ന ഉത്തര മാര്‍ഗങ്ങള്‍...

ഉത്തരക്കടലസ്സില്‍ ചോന്ന ശരികളെ മാത്രം അവശേഷിപ്പിക്കുന്നവരോട് അവള്‍ക്കുള്ളത്‌
സഹതാപത്തിന്റെ മറ്റൊരു  മുഖമാണ്...
കാരണം അവര്‍ ജയിക്കുന്നതും,അവരെ ജയിപ്പിക്കുന്നതും...
അന്യന്റെ യുക്തിയുടെ ഫലങ്ങലാണല്ലോ?

A യോ Bയോ Cയോ അവളുടെ അടുത്തുപോലും എത്താറില്ലെങ്കിലും 
അവള്‍ക്കുള്ളത്‌ സ്വന്തം ഉത്തരത്തിന്റെ വിലയും മഹത്വവും തിരിച്ചറിയത്തരോടുള്ള  
പരിഹാസമാണ്...

"ശരിക്കും" ഉത്തരത്തിനു അടുത്ത് പോലും എത്താത്തപ്പോഴും
സ്വന്തം ചിന്തയെ പിച്ചവെപ്പിച്ച കൈകളോട് അവള്‍ക്ക് ബഹുമാനമാണ്. ..

ഇതിനെ ചലനമറ്റതാക്കാന്‍  അവള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും
പലവഴികളെ പ്രണയിക്കാത്തവര്‍ ,
വ്യത്യസ്തതയെ മനസ്സിലാക്കത്തവര്‍
ഉത്തരക്കടലസ്സില്‍ പൊതിഞ്ഞു നല്‍കുന്നത്
വിഷച്ചവര്‍പ്പുള്ള ഒരു പിടി ചോര തുള്ളികള്‍ മാത്രം ആണ്...

Tuesday, September 13, 2011

ചിരുതയുടെ ഓണച്ചിന്തകള്‍


 ഓണം അത് വിശുദ്ധിയുടെയും,വിശ്വാസത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്  .നാടന്‍ തനിമയുടെ മധുരവും, എരിവും കയ്പ്പും പുളിയും ആസ്വദിക്കുവാനായി കാലം നമുക്ക് നല്‍കുന്ന അവിസ്മരണീയമായ ഒരവസരമാണ് ഈ പുണ്യകാലം.

വര്‍ണ്ണ ശബളങ്ങളായ  ശലഭങ്ങള്‍ വിതറിയ പൂമ്പൊടികള്‍ ചേര്‍ന്നുണ്ടായ മുക്കൂറ്റികളും,നാട്ടു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ വായില്‍ നിറഞ്ഞ മുറുക്കാന്‍ തുപ്പിയിടതെല്ലാം പൂത്ത് നമ്മെ കുളിരണിയിച്ച  തെറ്റിയും,സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ എന്നും മനസ്സില്‍ വിടര്‍ത്തുന്ന തുമ്പയും,മനസ്സിലെ പരിശുദ്ധിയെ  എന്നുമെന്നും   വെളിപ്പെടുത്തുന്ന വെള്ള മന്ദാരവും,കിരീട ധാരിയായ കൃഷ്ണ കിരീടവും,മുറ്റത്തും പറമ്പിലും കയ്യലയിലും വരെ പടര്‍ന്നു നില്‍ക്കുന്ന ഭഗവാന്‍ കതിരും,വീട്ടു  മുറ്റത്തെ തുളസിത്തറയില്‍ എന്നും ഉടുത്തൊരുങ്ങി കണിയായി മാറുന്ന തുളസിയും,വര്‍ണ്ണ വൈവിധ്യങ്ങളുടെ കുടമാറ്റം തീര്‍ത്ത് ഗ്രാമീണ സൌന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന വെലിചെമ്പരതികളും ഓണത്തിന് മുന്‍പേ കളിവള്ളം തുഴഞ്ഞു  ചക്രവാളങ്ങള്‍ക്കപ്പുറം  കടന്നു കഴിഞ്ഞിരുന്നു.

കാരണം പലതാകാം,ഒന്ന് കോപ്പന്‍ ഹെഗനിലും,ക്വട്ടോയിലും എല്ലാം ഉയര്‍ന്നു കേട്ട ആഗോളതാപനത്തിന്റെ ഫലമായ കാലാവസ്ഥാ വെതിയാനം  .
അത്തം മുതല്‍ കറുത്ത ആകാശത്തിനു താഴെ ചിരിച്ചു നില്ക്കാന്‍ പൂക്കളും  ചെടികളും ഒന്നും ഇത്തവണ  തയ്യാറായില്ല.അതുകൊണ്ട് തന്നെ എന്നും ഓണം ആഘോഷിക്കുന്ന  തോവാളക്കാര്‍ക്ക് മുന്നില്‍ നാം മുട്ട് മടക്കിക്കൊണ്ടും ഇരിക്കുന്നു .പൂക്കളങ്ങളിലെ  പൂവിഭവങ്ങള്‍ ആയി  കഥകളിയും,കേരവൃക്ഷങ്ങളും,മലയാളി മങ്കമാരും എല്ലാം ചേര്‍ന്ന് പട്ടണങ്ങളിലെ ഓണം മത്സരച്ചുവയുള്ളതാക്കുന്നു  .

ഇനി ഓണ സദ്യയെപ്പറ്റി ഒന്ന്  പറയാം.തുശനിലയില്‍ നിരക്കുന്ന വിഭവങ്ങള്‍.ഇടതു അറ്റത് ഉറ കെടാത്ത ഉപ്പ്‌.കുമിള  പ്പപ്പടം,തുടുത്ത ഞാലിപൂവന്‍  പഴം,ഒരറ്റത്ത് വഴക്കായ ഉപ്പേരി,പിന്നെയങ്ങു  തുടങ്ങുകയായി അച്ചാര്‍ മേളം.നാരങ്ങയും മാങ്ങയും എല്ലാം ഓണത്തിന് ഒരാഴ്ച മുന്‍പേ ഒരുക്കം തുടങ്ങിയിരിക്കും.108 കറികളുടെ ഒറ്റയാനായി ഇഞ്ചിക്കറി,പിന്നെ തോരന്‍,ശേഷം ഭിമന്റെ സാക്ഷാല്‍  അവിയല്‍.
ഇലയുടെ മധ്യത്ത്  ചിരിക്കുന്ന തുമ്പപ്പൂ ചോറ്.അതിന്റെ വലത്തേ പാതിയില്‍ നന്നായി വെച്ച പരിപ്പും ഒരു തുള്ളി നെയ്യും.പപ്പടം ചോറില്‍ പൊടിച്ചു ഉരുളകളാക്കി വയറ്റിലേക്ക്.പിന്നെ പഴം കൂട്ടി പയസപ്പിടി.നാരങ്ങ അച്ചാറും പായസവും വായില്‍ അറബിക്കടലുണ്ടാക്കും.പിന്നെ മോരും കൂട്ടി ഒരു പര്യവസാനം.മംഗളം ശുഭം.
ഇനിയല്ലേ വെടിവട്ടം പറയല്‍.പടിയില്‍ കലുംമേല്‍ കാലും കേറ്റി ചിലര്‍,ചിലരാകട്ടെ പായില്‍ ഉറക്ക മട്ടില്‍, മടികളില്‍   ആസനസ്ഥരായി കുട്ടിപ്പട്ടാളം,ആകെ ബഹളമയം.നാടും നാട്ടാരും കുശുമ്പിനും കീര്‍ത്തിക്കും പാത്രമാകുമ്പോള്‍  മാവേലിയുടെ വരവ് പ്രതീക്ഷ ഉണര്‍ത്തുന്നു.അങ്ങനെ നാം മറ്റൊരു ഓണത്തിന് കൂടി ഉപചാരം ചൊല്ലുന്നു. എന്നാല്‍ ഇത് പഴയ   ഒരു ഓണ ചിത്രം.

എന്നാല്‍ ഇന്നോ,പേപ്പര്‍ വാഴയിലയില്‍ ഹോട്ടലുകാരുടെ വിഭവങ്ങള്‍.ഒരുമയിലൂടെ ഉണ്ടാകുന്ന വിയര്‍പ്പിന്റെ ഉപ്പും മുളകും അവര്‍ക്കില്ല തന്നെ.വായില്‍ ഒരു കടലാസ്  വള്ളം പോലും ഇറക്കാന്‍ ഒക്കാത്ത സ്ഥിതി.ഫ്ലാറ്റുകളും,വില്ലകളും നിരന്നപ്പോള്‍ കൂട്ട്കുടുംബങ്ങളാല്‍  ഇഴ മുറികിയ ബന്ധങ്ങള്‍ ഇഴ പോട്ടിയകലുവാന്‍ ആരംഭിച്ചു.അംഗങ്ങള്‍ തമ്മിലുള്ള ഇടപെഴകളിനുള്ള സാധ്യതയെ ചോദ്യംചെയ്യുവാന്‍ മൊബൈല്‍ ഫോണും രംഗത്തുണ്ട്.

ഗ്രാമീണതയിലൂടെ  പച്ചപിടിച്ചു  വളര്‍ന്ന സംസ്കാരത്തില്‍ നിന്നും വെയിലിന്റെ ഊഷരഭൂമിയിലേക്ക്‌  പറിച്ചു മാറ്റപ്പെട്ട കുറേ ജീവിതങ്ങള്‍.ഗ്രാമത്തിന്റെ വിശുദ്ധി പുതുക്കുവാനായി എത്തുന്ന ഓണമെന്ന ആചാരത്തെ ചോദ്യംചെയ്യുന്ന എന്തിനെയും നാം തുരത്തിയോടിക്കണം.ഓണത്തിന് നമുക്കു കിട്ടുന്ന  ശമ്പളവും ബോണസും എല്ലാം  കൈക്കലാക്കി നമ്മെക്കാള്‍ നന്നായി ഓണം ആഘോഷിക്കുന്നവരാണ് വിപണി മുതലാളിമാര്‍.

ഓണച്ചലചിത്രങ്ങളുമായി ടെലിവിഷനുകളും, ഓണ ഓഫറുകളുമായി   വിപണിയും തയ്യാറെടുക്കുമ്പോള്‍ നാം കേരളീയരുടെ   കയ്യിലുള്ളത് അര്‍ദ്ധ  ശൂന്യമാക്കപ്പെടുന്ന  ഓണമെന്ന സംസ്കാരം മാത്രമാണ്.
സ്വര്‍ണ്ണവും മദ്യവും എല്ലാം ആര്‍ത്തിയോടെ വാങ്ങിക്കൂട്ടുന്ന ഒരു ചടങ്ങ്  അല്ല ഓണം.ഐശ്വര്യ പൂര്‍ണം ആയ  ഒരു സംസ്കാരത്തിന്റെ ഉണര്‍ത്തുപാട്ട്കൂടിയാണതു.ഓണം വരഘോഷത്തോടെ   അനന്തപുരിയിലെ ഓണത്തിനും,പുലികളിയോടെ തൃശ്ശൂരിലും എല്ലാം ഓണത്തിന് യാത്രയയപ്പ് നല്‍കി. .  .വരുന്ന ഓണത്തിനെങ്കിലും നമുക്ക് നഷ്ട്ടപ്പെട്ട  എല്ലാംതിരിച്ചെടുക്കാന്‍ കഴിയട്ടെ.

                                                                                                                   എല്ലാവര്‍ക്കും    ചിരുതക്കുട്ടിയുടെ  ഓണാശംസകള്‍.