Thursday, May 17, 2012

ആളിക്കത്തല്‍
ജീവിതമാകുന്ന രണ്ടുവര കോപ്പി ബുക്കില്‍
ദിവസങ്ങള്‍ കൊണ്ടെഴുതുമ്പോള്‍
സന്തോഷത്തില്‍ അക്ഷരങ്ങള്‍ വടിവൊത്തതാകുന്നു.
സങ്കടത്തില്‍ കൈവിറയലാല്‍ അക്ഷരങ്ങള്‍ക്ക് സ്ഥിരത നഷ്ടമാകുന്നു.

ജീവിതം മുന്നോട്ട് നീങ്ങുമ്പോള്‍
പേജുകള്‍ മറിയുമ്പോള്‍
മറിയാത്ത പേജുകള്‍ ശക്തിയായ് മറിയ്ക്കുമ്പോള്‍
ജീവിതത്തിന് മുറിവേല്‍ക്കുന്നു.
ആ മുറിവില്‍ നിന്ന് വാര്‍ന്നൊഴുകുന്ന രക്ത നിറമുള്ള കണ്ണീരാണ്
മനസ്സ് മരവിപ്പിയ്ക്കുന്ന ഇഞ്ചക്ഷന്‍.

മറിച്ചിട്ടും മറിയാത്തവയെ ഉമിനീരാല്‍ തട്ടിമാറ്റുമ്പോള്‍
തട്ടിമാറ്റിയ പേജിലെ തെറ്റുകള്‍ തിരുത്താന്‍
അദ്ധ്യാപകന്റെ കയ്യില്‍ക്കൊടുക്കാന്‍ നാം മറന്നിട്ടുണ്ടാകും.
ആ തെറ്റിന് നിസ്സാര വില നല്‍കി
മുന്നോട്ട് പോകുമ്പോള്‍ നിറം മങ്ങിയ പേജുകള്‍ കൂടുന്നു.
ഈ പേജുകള്‍ വിട്ട് അടുത്ത പേജുകാണുവാനുള്ള വെമ്പല്‍
കയ്യക്ഷരം വലുതാക്കുവാനും പ്രേരിപ്പിയ്ക്കുന്നു.
അങ്ങനെ ജീവിതത്തിന് വേഗതയേറുന്നു.
തണുത്ത വെള്ളം ചൂടായപ്പോള്‍
ഇറങ്ങിപ്പോകാന്‍ കഴിയാത്ത തവളയായ് നാം ചിത്രീകരിക്കപ്പെടുന്നു.
തെറ്റ് അസാധാരണമാം വിധം പെരുകുമ്പോള്‍ റബറെടുത്ത് മായ്ക്കുന്നു.
പെന്‍സില്‍ പേനയ്ക്ക് വഴിമാറിയതെന്നെന്ന് മറന്ന് പോകുന്നു.

ഒടുവില്‍ പേനറബറെടുത്ത് മായ്ക്കുമ്പോള്‍ കറുത്ത നിറം പ്രത്യക്ഷ്പപെടുന്നു.
അത് മറ്റൊരു നിറത്താല്‍ നിയന്ത്രിയ്ക്കപ്പെട്ട് ചുവന്ന വരയാകുന്നു.
ആദ്യ പേജുകളിലെ ഭംഗിയ്ക്ക്
കോട്ടമാകുമെന്ന് കരുതി പിന്നീടെഴുതിയവ കീറുമ്പോള്‍,
ബുക്കിന്റെ സിഥിരതയപ്പാടെ നഷ്ടമാകുന്നു.

കുത്ത് വിട്ട ബുക്കില്‍ നിന്നും പേജുകള്‍ വീണ്ടും പിന്നുമ്പോള്‍
പുറം ചട്ടയിലെഴുതിയ പേരിനും നാളിനും പോലും
പായല്‍ പിടിയ്ക്കപ്പെടുന്നു.
പുറംചട്ടയിലെ പേരും നാളും മാറ്റിയും തിരുത്തിയും
വീണ്ടും ആളിക്കത്തുന്നു.

"ഒടുവില്‍ ഇനിയിതിനാവില്ല" എന്ന പറയും വരെ മാത്രമായി ഒരാളിക്കത്തല്‍!


Wednesday, May 9, 2012

മഴച്ചില്ലുകള്‍
മഴ !!! എത്ര സുന്ദരമായ പദം. മഴ എന്ന പ്രതിഭാസമൊന്നുകൊണ്ട് മാത്രം ഞാനേറെ സ്നേഹിയ്ക്കുന്നു പലതിനെയും. പക്ഷേ! പ്രകൃതിയുടെ പരീക്ഷയില്‍ പ്രാഥമിക ഘട്ടം പോലും ജയിയ്ക്കാനാകാത്ത തലമുറയ്ക്കായ് പാടുന്നു ഞങ്ങളുടെ കാലത്തുണ്ടായി ഇന്ന് കാലം തെറ്റി വെറുതെ പെയ്തു പോകുന്ന ഒരു പ്രതിഭാസത്തെപ്പറ്റി...  ആ മഴ പറഞ്ഞ കഥകളെപ്പറ്റി ഒരോര്‍മ്മ...

അന്ന് ക്ലാസ്സിലെ ഓട് പൊട്ടിച്ച് എന്റെ കയ്യിലേയ്ക്ക് തുടുതുടെ വീണ മഴത്തുള്ളി പറഞ്ഞ കളിമഴക്കഥ...

കൈത്തോട്ടില്‍ ആനന്ദത്തിന്റെ സ്വാതന്ത്ര്യ ഗാനങ്ങള്‍ പാടി മീനുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന സ്വാതന്ത്ര്യത്തിന്റെ ഗാനമഴ...

സ്ക്കൂള്‍ വിട്ട് വരവെ ഞാന്‍ കുട മറന്ന അവസരം നോക്കി എന്നെ അടിമുടി കഴുകിത്തണുപ്പിച്ച കുസൃതിമഴ...

കയ്യിലുണ്ടായിരുന്ന കുടകമഴ്ത്തിയും കാറ്റ് വീശിയതായ് ഭാവിച്ച് അത്  താഴെ വീഴ്ത്തിയിയും കണ്ണിലെ വെള്ളം ശുദ്ധീകരിച്ച ചാറ്റല്‍മഴ... 

മഴ തോര്‍ന്നപ്പോള്‍ നെല്ലിമരം പിടിച്ചു നിര്‍ത്തിയ മഴത്തുള്ളികളെല്ലാം ചേര്‍ന്നെനിയ്ക്കായ് പെയ്ത രണ്ടാംമഴ...

കയ്യാലയില്‍ പടര്‍ന്ന പന്തലിച്ച കണ്ണീര്‍ത്തുള്ളിക്കുടങ്ങളെ മത്സരിച്ച് പറിച്ചപ്പോള്‍ കയ്യില്‍ക്കുത്തിയ തൊട്ടാവാടിയെ ശപിച്ച് കണ്ണീര്‍ത്തുള്ളിയാല്‍ കണ്ണ് കഴുകിയ ഊഞ്ഞാല്‍മഴ...


വാസുപ്പിള്ളയുടെ പറമ്പിലെ വാഴത്തേന്‍ കുടിയ്ക്കാന്‍ പറമ്പില്‍ കയറിയപ്പോള്‍ മഴ നനഞ്ഞ കരിയിലത്തോപ്പിലിരുന്ന് നാക്ക് നീട്ടിയും ശബ്ദം പുറപ്പെടുവിച്ചും അപ്രത്യക്ഷമായും പേടിപ്പിച്ച സ്മരണമഴ...


ഉമ്മറത്തകൂടി കാപ്പികുടിയ്ക്കാത്തവനെപ്പോലെ ക്ഷീണിച്ചൊഴികിയ മഴച്ചാലുകളില്‍ പ്രത്യക്ഷപ്പെട്ട വളക്കൂട്ടങ്ങള്‍ക്കൊപ്പം അങ്ങിങ്ങായ്ക്കരഞ്ഞ് തവളകള്‍ പകര്‍ന്നു തന്ന ലഹരിമഴ...

കളിവള്ളങ്ങള്‍ക്ക് ശക്തിപോരാഞ്ഞ് വെള്ളം വള്ളത്തിലായപ്പോള്‍ ജനല്‍ച്ചില്ലകളിലൂടെ ഏന്തി നോക്കിയ കണ്ണുകളിലൂടെ മനസ്സിലെത്തിയ സങ്കടം വീണ്ടും വള്ളമുണ്ടാക്കാനുള്ള പ്രേരക ശക്തിയായ മഴ...

ആളൊഴിഞ്ഞ അമ്പലപ്പറമ്പില്‍ ഞാനും ദൈവവും മാത്രമായി നനഞ്ഞ പുണ്യമഴ...
 
കണ്ണിലെയും കാലിലെയും ക്ഷീണം കട്ടിലിലിരുത്തുമ്പോഴും വരൂ വരൂ എന്ന് കൈനീട്ടി വിളിയ്ക്കുന്ന കൊഞ്ചല്‍ മഴ...

മഴയത്തും എനിക്കായ് മധുരമാമ്പഴം നല്‍കിയ സൌഹൃദത്തിന്റെ സ്നേഹമഴ...

വീട്ടിലെപ്പാത്രങ്ങളെല്ലാം നിരനിരയായടങ്ങുയിപ്പോള്‍ കഞ്ഞിവെയ്ക്കാന്‍ മാത്രമായവശേഷിച്ച പാത്രത്തില്‍ നിറഞ്ഞ കണ്ണീര്‍മഴ...

പ്രകൃതിപാഠം കാണാതെ പുസ്തക പാഠങ്ങളിലൂളിയിട്ട്, കരയില്‍ കിടക്കുന്ന മീനിന്റെ വികാര വിചാരങ്ങള്‍ കീറിപ്പൊളിച്ച്, കുളിമുറിയിലെ ഷവര്‍ മേഘം ഉതിര്‍ത്ത തുള്ളികളെ മഴയായറിഞ്ഞ്, കുടയ്ക്കും കോട്ടിനും വെളിയില്‍ മഴയെപ്പിടിച്ചു തള്ളി , നെല്ലി സൂക്ഷിച്ച മഴത്തുള്ളിയും മഴ കാത്ത നെല്ലിയും കാണാതെ, പറമ്പുകളിലെ നനഞ്ഞ മണ്ണിന്റെ മണമറിയാതെ, മണ്ണറിഞ്ഞ കര്‍ഷകന്റെ വിലാപമറിയാതെ, മണ്ണിന്റെ മക്കളുടെ പാട്ട് കേള്‍ക്കാതെ, അവരുടെ മഴയാനന്ദമറിയാതെ, കളിവള്ളത്തിന് പകരം വീഡീയോ ഗെയമിലഭയം കണ്ടെത്തുന്ന, കണ്ണീര്‍ത്തുള്ളികാണാതെ ബോണ്‍സായിയിലൂയാലാടുന്ന, സൌഹൃദത്തിന്റെ വില കിലോയ്ക്കെത്രയെന്നാരായുന്നമധുരമാമ്പഴത്തിന്റെ രുചി കയ്പ്പെന്ന പറയുന്ന, സ്വഭാഷായെ ഇരുമ്പഴിയ്ക്കുളളിലാക്കുന്ന തലമുറയ്ക്ക്എന്താശംസിയ്ക്കും ഞാന്‍...

ആശംസയ്ക്ക് എസ് എം എസ് നമ്പര്‍ ചോദിയ്ക്കുന്ന തലമുറയേ നിങ്ങള്‍ താണ്ടിയ വഴിയ്ക്ക് തൊട്ട മുമ്പേ ഞങ്ങള്‍ വഴിപിരിഞ്ഞിരുന്നു...


Tuesday, May 8, 2012

തിരിച്ചറിവിന്റെ കാലത്തെ ലോകംഈ പോസ്റ്റ് എന്ത് ടൈപ്പാണെന്നെനിയ്ക്കറിയില്ല!!! എനിക്ക് ചുറ്റുമുള്ള ചിലരെന്നെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഞാന്‍ മനസ്സില്‍ കണ്ടു. അതില്‍ കുറെ ദുഃഖിച്ചു. പിന്നെ ഞാനാരാണെന്ന് ഞാനെഴുതി . ഇവ രണ്ടും തമ്മിലുള്ള സംഘട്ടനത്തില്‍ എന്റെ ജയമാണീ പോസ്റ്റ്...

            എന്റെ ശരികള്‍ - മറ്റുളളവരുടെ തെറ്റുകള്‍

         ക്ലാസ്സുകള്‍ എല്ലാവര്‍ക്കും തുല്യത കല്‍പ്പിച്ചപ്പോഴും ഞാന്‍ ചില വിഷയങ്ങളെ ആരുമറിയാതെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു. ഞാനാക്കാര്യം ആരോടും പറഞ്ഞതുമില്ല. ആ കാലത്ത് എല്ലാ വിഷയങ്ങളെയും ഒരുപോലെ സ്നേഹിച്ചില്ല എന്നതാണ് എന്റെ  തെറ്റത്രേ!
          അപായം വരുമ്പോള്‍ ചിലര്‍ എല്ലാ വിഷയങ്ങളെയുമെടുത്ത് രക്ഷയ്ക്കായോടുമ്പോള്‍ ഞാന്‍ ചില വിഷയങ്ങള്‍ക്ക് തണുക്കുവാതിരിയ്ക്കാന്‍ കമ്പിളിയും, വിശക്കുവാതിരിയ്ക്കാന്‍ ഭക്ഷണവും നല്‍കി. അപ്പോഴും ആഹാരം കിട്ടാത്തവരെന്നോടൊന്നും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിലും അത് എന്റെ കുറിയ മനസ്സ് അത് സാധ്യമാകുമായിരുന്നില്ലെന്നു ചിലര്‍.എല്ലാ വിഷയങ്ങളെയും ഒരുപോലെ സ്നേഹിയ്ക്കാത്തതുകൊണ്ടാണ് ഒരു കാലം കഴിഞ്ഞപ്പോള്‍ പേപ്പറുകളില്‍ കിട്ടുന്ന മാര്‍ക്കുകള്‍ ഓരോന്നും എന്നെ  നോക്കി കോക്രികാണിയ്ക്കുവാന്‍ തുടങ്ങിയതെന്നും മാര്‍ക്ക് കൂട്ടിയിടാത്തതും ടീച്ചറിന്റെ തെറ്റാണെന്ന് പറഞ്ഞോടിയാല്‍ ശാപം കിട്ടുമെന്നറിഞ്ഞിട്ടും മിണ്ടാതിരിക്കാത്തതും എന്തിന്റെ കുറവാണെന്നും ഒക്കെ ഞാന്‍ കേട്ടു.
         അധ്യാപകര്‍ക്കെതിരെ ഒരല്‍പ്പം ബഹുമാനക്കുറവോടെ സംസാരിച്ചപ്പോള്‍ ഗുരുത്വം കുറഞ്ഞ കുട്ടിയായി ഞാന്‍ ചിത്രീകരിയ്ക്കപ്പെട്ടപ്പോള്‍ അതിന്‍ ഫലം അവളനുഭവിക്കുമെടോ എന്ന് ഞാന്‍ കേട്ട പിറുപിറുപ്പുകള്‍ .വായിട്ട് കുറെ അധ്വാനിയ്ക്കുവാനല്ലാതെ കൈകൊണ്ട് ചെയ്യുവാന്‍ നിനക്കാകുമോ എന്ന് പ്രത്യക്ഷമായും പരോക്ഷമായും എനിക്കെതിരെയുയര്‍ന്ന ചോദ്യങ്ങള്‍.കൂട്ടുകാരുടേയും ടീച്ചര്‍മ്മാരുടെയും തെറ്റ് ചൂണ്ടിക്കാണിയ്ക്കുകയും അവരെ നേരിടാന്‍ മനസ്സ് സജ്ജമാക്കുകയും പ്രവര്‍ത്തിക്കുകുകയും ചെയ്യുമെന്നതിലുപരി (എനിക്കുള്ള എന്റെ ഗുണം പോസിറ്റിവ് അര്‍ഥത്തില്‍  ) എന്താണ്  ഇത്രയും കാലം ‌പഠിച്ചത് ?
        കാലം കഥാ തന്തുക്കള്‍ മായ്ക്കുകയാണ്.പേനകൊണ്ടെഴുതിയവ പേനയാല്‍ കോറിമായ്ക്കുന്നു. മായ്ക്കപ്പെട്ട വരികളിലുള്‍പ്പെട്ട എനിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്നറിയില്ലെന്നു എന്നെക്കൊണ്ട്  പറയിക്കുക വരെ ചെയ്തു ഈ  പിറുപിറുപ്പുകള്‍ .   ഇത്രയും കാലംകൊണ്ട് ഞാന്‍ നേടിയ അറിവ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഏത് മേഖലയിലാണ് ഉചിതമെന്ന് കണ്ടെത്താന്‍ ആരോട് അഭിപ്രായം ചോദിക്കുവാന്‍ വരെ എന്നില്‍ മടിയുണ്ടാക്കി .
         എല്ലാ വിഷയങ്ങളെയും ചേരിതിരവോടെ കണ്ടതും , ഇഷ്ടവിഷയത്തിനായി അധ്വാനിച്ചതും , നിഷ്ഫലമായോ! ഇത്രയേറെ സ്നേഹിച്ച് അധ്വാനിച്ചിട്ടും ഇത് തന്നെ മറ്റുള്ളവരും അധ്വാനിച്ച് നേടിയപ്പോള്‍ എന്റെ സ്നേഹത്തിന് വില മൈനസ് വാല്യവായിരുന്നുവോ!.ഒന്ന് , മൈനസ് ഒന്ന് ഇങ്ങനെയെണ്ണിപ്പോയപ്പോള്‍ എന്റെ വിശ്വാസങ്ങളെല്ലാം തകര്‍ക്കപ്പെടുകയായിരുന്നോ! ഇത്തരത്തിലുള്ള ചിന്തകളാല്‍ എന്റെ മനസ്സ് നിറക്കാന്‍ കഴിഞ്ഞു എന്നത്  മാത്രമാണ്  മറ്റുള്ളവരിലൂടെ എന്നെ കണ്ടപ്പോള്‍ എനിക്ക് ലഭിച്ച പ്രതിഭലം.

        മുന്നോട്ടോടിയപ്പോള്‍ കണ്ട വഴിവാണിഭക്കാരന്റെ കടയില്‍ കയറി. ആദ്യമെത്തിയിട്ടും അപ്രതീക്ഷിതമായുണ്ടായ തിരക്കുമൂലം എനിക്ക് ഒരേ ജോഡിയുടെ കമ്മല് പോലും കിട്ടിയില്ല. ആ തിരക്കില്‍ നിലനില്‍പ്പിനായുള്ള സമരത്തിലൂടെ തെറ്റായ വ്യതിയാനവുമായി ഏറ്റുമുട്ടിയ എനിക്ക് അര്‍ഹതയുള്ളവരുടെ അതിജീവനത്തിന്റെ പാഠം പഠിയ്ക്കുവാനായില്ലയോ! ഇവരുടെ ഈ ചിന്തകള്‍ എന്നിലുണ്ടാക്കിയ  മുറിപ്പാടിന്റെ ഉദാഹരണം ഇതായിരുന്നു..

       ഹാ! ഇപ്പോഴാണ് എനിക്ക് വെളിപാടുണ്ടായത്.ഇത്രയും നേരം ഞാനീപ്പറഞ്ഞത്, എന്റെ തെറ്റായും കുറവായും ചൂണ്ടിക്കാണിച്ചത്, മറ്റുള്ളവരുടെ കണ്ണിലൂടെയുള്ള എന്റെ വളര്‍ച്ചയായിരുന്നു. ഈ പറഞ്ഞവയെല്ലാം എന്നെക്കൊണ്ട് പറയിച്ചത് എന്നിലസൂയപ്പെട്ടവരാകണം.തിരിച്ചറിവിന്റെ വൈകിയ വേളയില്‍ കുറച്ചുകൂടി...

       പത്രക്കാരും ചാനലുകാരും സര്‍വ്വ വിഷയസ്നേഹികള്‍ക്കായോടുമ്പോള്‍ ചില വിഷയങ്ങളെ അടുത്തറിയുന്നതിന്റെ രസതന്ത്രം മനസ്സിലാക്കിയവരെ വിട്ടുപോകുന്നു. യവനികയ്ക്കുള്ളില്‍ മറയേണ്ടവരായവര്‍ മാറുമ്പോള്‍ നിങ്ങള്‍ തന്നെ പറയും നിങ്ങള്‍ക്കായെന്തോ ചെയ്യാന്‍ അവരുടെ കയ്യില്‍ എന്തൊക്കെയോ ഉണ്ടായിരുന്നുവെന്ന് !!! ഫ്ലക്സ് ബോര്‍ഡുകളിലും ബാനറുകളിലും പുഞ്ചിരിയോടെ ചിരിയ്ക്കുന്ന നിങ്ങള്‍ക്കും നിങ്ങളുടെ പിന്‍ഗാമികള്‍ക്കും വിജയാശംസകള്‍. എന്റെ കൂട്ടുകാരേ അഭിനന്ദത്തിന്റെ ഭാ‍ഷ്യങ്ങള്‍ കേട്ട് നിങ്ങള്‍ക്ക് ബോറടിച്ചിട്ടുണ്ടാകും. എങ്കിലും ഔപചാരികതയ്ക്കായ്ത് ഞാനും അത് ചെയ്യേണ്ടതാണല്ലോ
ഒഴുക്കിനൊപ്പം നീന്തി ജയത്തിന്റെ പടികയറുന്നവരേക്കാള്‍ സ്വന്തം നീന്തലാല്‍ ഒഴുക്കിന്റെ ഗതി മാറ്റുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. ഒഴുക്കിന്റെ ഗതി മാറ്റുവാനൊക്കില്ലെന്ന് നിങ്ങള്‍ വാദിച്ചോളൂ! പക്ഷേ ഞങ്ങള്‍ ഞങ്ങളാണ്.അത് ഞങ്ങള്‍ ചെയ്യുക തന്നെ ചെയ്യും.
       ചെല‌വുകള്‍ക്കിടയിലെ മിഠായിത്തരികളില്‍ സന്തോഷത്തിന്റെ പൊട്ടിച്ചിരികളില്‍ പ്രതീക്ഷിച്ചത് സാധ്യമാക്കാത്തവന്റെ വേദന തിരിച്ചറിയുക സാധ്യമല്ലെങ്കിലും അവന്റെ പിഴയായത് ചിത്രീകരിയ്ക്കുമെങ്കിലും ഞങ്ങള്‍ക്കതിനാവില്ല. കാരണം ഞങ്ങള്‍ ഞങ്ങളാണ്. നാടിന്റയും നാട്ട്കാരുടേയും പ്രതീക്ഷയ്ക്കൊത്ത് വളരാത്തതിന്റെ ദുഃഖത്താല്‍ സ്വയം അപഹാസ്യയെന്ന് പറയുന്ന സുഹൃത്തുക്കളേ കാലമിനിയും ഉരുളുമ്പോള്‍ ആ കഥകളിലെ മുഖ്യകഥാപാത്രത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കുക. അതിലുമാരെങ്കിലുമായ്ത്തീരട്ടെ. നീ നീയായ് തുടരുക.
        മിശ്രിതമായി ഈ ലോകത്ത് ഇതുവരെ എന്നോടൊപ്പമിരുന്ന സുഹൃത്തുക്കളേ നിങ്ങള്‍ ഒരുകാല്‍ മുന്നോട്ട് കൂടുതല്‍ വച്ചിരിയ്ക്കുന്നു. ഇതാ മറ്റൊരു തലക്കെട്ടിനു കീഴില്‍ ഇരിയ്ക്കുവാന്‍ നിങ്ങളെ വിളിയ്ക്കുന്നു. ഞങ്ങള്‍ കാത്തിരിയ്ക്കുന്നു ഞങ്ങളുടെ പേര് വിളിയ്ക്കുവാനായി...
          ഒരു കാരണവശാലും മറ്റൊരാളാകുവാന്‍ ശ്രമിയ്ക്കാതെ ,നീ നീയായ് തുടരുക. നാം മറ്റ് ചിലരാകുവാന്‍ ശ്രമിച്ചാല്‍ പരാജയം സുനിശ്ചിതം. അതിനാല്‍ സ്വന്തം ഇഷ്ടത്തിനായ് പറന്നോളൂ. അതിനുള്ള സമയമായ്ക്കഴിഞ്ഞു.ഒരു പുതിയ ലോകം ഞങ്ങള്‍ക്കായെവിടെയോ കാത്തിരിപ്പുണ്ട്...ആയിരത്തില്‍ ഒരുവളായി ജനിക്കുന്നു..
                                                                                                                                                           

കാത്തിരുന്നു പോരാടുന്നു... 

                                                                                          
       

ഒരു    ലോകം  കാത്തിരിക്കുന്നുണ്ടാകും...

 


          

Tuesday, May 1, 2012

ഒരു മാഷിന്.. (സഹതാപപൂര്‍വ്വം)


മണ്ണില്‍ ചവിട്ടാന്‍ തുടങ്ങിയ പതിനഞ്ചു വര്‍ഷങ്ങള്‍...
സാന്നിധ്യമറിയിച്ചു ഞാന്‍ പഠിച്ച  പത്തോളം സ്കൂളുകള്‍...
എന്നെയറിഞ്ഞ ഞാനറിഞ്ഞ വിരലിലെണ്ണാന്‍ മാത്രമുള്ള അധ്യാപകര്‍...
എന്നെ തിരിച്ചറിഞ്ഞ ഞാന്‍  സ്നേഹിച്ച കൂട്ടുകാര്‍...

ഓര്‍മയുടെ നനുത്ത സ്പര്‍ശം ഓരോ മഴക്കാലം നല്‍കുമ്പോള്‍ പത്താം  ക്ലാസ്സിലെ രണ്ടു മഴക്കാല മാസങ്ങളില്‍ ഞാനനുഭവിച്ച നീറുന്ന ഓര്‍മകളുടെ കനലെരിയുകയാണ് ,ടുഷന്‍  സാറിനായുള്ള  ഒരു തുറന്ന കത്തിലൂടെ...


ബഹുമാനപ്പെട്ട സാര്‍,

2011-2012 അധ്യയന വര്‍ഷത്തില്‍ "സെന്റര്‍ ഫോര്‍ എസ് എസ് എല്‍ സി" എന്ന താങ്കളുടെ ട്യൂഷന്‍ ക്ലാസ്സില്‍ രണ്ട് മാസത്തോളം പഠിയ്ക്കേണ്ടി വന്ന നിര്‍ഭാഗ്യവതിയായ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. ഈ കത്തെഴുതുന്നത് ചില കാര്യങ്ങള്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ്. ഈ കത്തുകൊണ്ട് താങ്കളുടെ ജീവിത്തതില്‍ മാറ്റം വന്ന് കാണുവാനും ഞാന്‍ ആഗ്രഹിയ്ക്കുന്നു.2012 ജൂണ്‍ മാസം താങ്കളുടെ നനയുന്ന ട്യൂഷന്‍ ക്ലാസ്സില്‍ വന്ന അന്നുമുതല്‍ ചെവി, കണ്ണ്, മൂക്ക്, നാക്ക്, തൊലി തുടങ്ങിയ ഇന്ദ്രിയങ്ങളിലെല്ലാമുണ്ടായിരുന്ന എന്റെ ചോരത്തിളപ്പും പ്രതികരണ ശേഷിയും ഉറഞ്ഞുപോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്നെനിയ്ക്കത് തിരികെ ലഭിച്ചിരിക്കുന്നു. അതൊക്കെയാണീ കത്തെഴുതുവാനെന്നെ പ്രേരിപ്പിക്കുന്നത്.

2012 -2013 ലേയ്ക്കായി താങ്കളുടെ ട്യൂഷന്‍ ക്ലാസ്സിലിരിക്കുന്ന എന്റെ കൊച്ചനുജന്മാരുടെയും, അനുജത്തിമാരുടെയും സംരക്ഷണത്തിനുവേണ്ടി കൂടിയാണിതെഴുതുന്നതെന്ന് താങ്കള്‍ മറക്കരുത്. ലോകയുദ്ധം ഒഴിവാക്കാന്‍ ഗാന്ധിജി ഹിറ്റലര്‍ക്ക് എഴുതിയ കത്ത് ഹിറ്റലറുടെ മനം മാറ്റിയില്ല. എന്നാലും ഈ കത്തിലൂടെ ഞാന്‍ താങ്കളില്‍ നിന്നും ഒരു മനംമാറ്റം ഞാനാഗ്രഹിയ്ക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ. മനസ്സാക്ഷിയോട് നീതിപുലര്‍ത്തുന്ന എന്‍ സി സി കേഡറ്റാണെങ്കില്‍ ഇത് നടപ്പാക്കുക 
.
കുട്ടികളില്‍, പ്രത്യേകിച്ച് കൌമാരക്കാരില്‍ ശ്രദ്ധ പതറുവാന്‍ ചെറിയ കാരണങ്ങള്‍ മതി. പഠിപ്പിയ്ക്കുന്നതിനിടയില്‍ ശ്രദ്ധിയ്ക്കാന്‍ മറന്നവരെ ആദ്യം പറഞ്ഞ് മനസ്സിലാക്കുക ഇനിയിതാവര്‍ത്തിക്കരുതെന്ന്. എന്നാല്‍ അതൊന്നും കൂടാതെ അധ്യാപനവൃത്തിയുടെ അന്തസ്സിന്റ നെല്ലിപ്പല്ക ചീന്തിപ്പൊളിച്ച് അവയില്‍ സഭ്യമല്ലാത്ത ഭരണിപ്പാട്ടുകള്‍ നിറക്കുമ്പോള്‍ കരിവാളിയ്ക്കുന്നത് ഒരു തലമുറയുടെ പുത്തന്‍ കതിരുകളാണ്
 
ഒരധ്യാപകനില്‍ നിന്നും കേള്‍ക്കാന്‍ പാടില്ലാത്ത പലതും ഞാന്‍ താങ്കളില്‍ നിന്നും കേട്ടു. "എന്താസാറേ ഇതെ"ന്ന് ചോദിയ്ക്കുവാന്‍ തുനിയുമ്പോള്‍ താങ്കളുടെ വീണ്ടും വീണ്ടുമുള്ള ശകാരവും, വഴക്കും, സഭ്യമല്ലാത്ത ഭാഷാ പ്രയോഗങ്ങളും എന്നെ ലജ്ജിപ്പിക്കുകയാണ്. താങ്കളെ ഞാനെങ്ങനെ ഒരധ്യാപകനെന്ന് വിളിയ്ക്കും?. വിദ്യയോടൊപ്പം വിഷം ചേര്‍ത്ത് വിളമ്പുന്ന 'വിദ്വേഷിയെ'യാണ് താങ്കളിലൂടെ ഞാന്‍ കാണുന്നത്. ഇനിയെങ്കിലും നാളത്തെ കുരുന്നുകളോട് സഭ്യമായ ഭാഷയിലൂടെ അധികം വികാരപ്രകടനങ്ങളില്ലാതെ പെരുമാറുക.

സാറേ കാലം മാറി, ഇപ്പോഴും ട്യൂഷന്‍ ക്ലാസ്സില്‍ നൂറും ഇരുന്നൂറും തവണ എഴുതിപ്പഠിപ്പിക്കുന്നത് ഓള്‍ഡ് ഫാഷന്‍ ആണെന്നത് സത്യം. പഠിച്ച കാര്യം തന്നെയും പിന്നെയും എഴുതിക്കുന്നത് പാപമാണ്! മഹാപാപം!.. വീട്ടില്‍ ചെന്നാല്‍ ട്യൂഷന്‍ ക്ലാസ്സിലെ വര്‍ക്കുകളും (കഠിനം) ,ഹോം വര്‍ക്കുമൊക്കെയായി പഠിയ്ക്കേണ്ട സമയം കൂട്ടിക്കൂട്ടി രാത്രി ഉറങ്ങാതെ ഒരിയ്ക്കല്‍ സ്കൂളില്‍ വെച്ചെനിക്കുണ്ടായ ദേഹാസ്വസ്ഥ്യത്തിന്റെ ഉത്തരവാദിത്വം സാറിന്റെ തലയില്‍ കെട്ടിവെയ്ക്കാനെനിയ്ക്ക് മടിയൊട്ടും തന്നെയില്ല. എമ്പോസിഷ്യന്‍ എഴുതിയില്ലെങ്കില്‍ ദേഹോപദ്രവമായി തല്ല് ഏല്‍പ്പിക്കുന്ന താങ്കളുടെ നീചവും പൈശാചികവുമായ നടപടി തികച്ചും തെറ്റാണ്. ഒരു ദിവസം മറന്നാല്‍ പോലും അത് മഹാപാപമായിക്കരുതുന്ന താങ്കളെപ്പോലെയുള്ളവര്‍ കാശുവാങ്ങി ഒരുവര്‍ഷത്തേയ്ക്ക് ഞങ്ങളെ ഏറ്റെടുത്ത് എ പ്ലസ്സ് ബേബികളാക്കുവാന്‍ നോക്കുന്നതിലൂടെ ഞങ്ങളുടെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുകയാണ്. പഠിപ്പിയ്ക്കാതെ വെറുതേ വായിച്ച് അത് കാണാപ്പാഠം പഠിപ്പിക്കുന്ന സ്റ്റൈലില്‍ നിന്നും മാറേണ്ടിയിരിക്കുന്നു. കുട്ടികളുടെ മനസ്സ് നോവിയ്ക്കുന്ന താങ്കളുടെ കയ്യിലിരിക്കുന്ന വടി ഒടിച്ച് ട്യൂഷന്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോകുന്ന കണ്ണകി എന്നില്‍ പലതവണ വന്നിരുന്നെങ്കിലും നിങ്ങളതിനെയും മരവിപ്പിച്ചു
താങ്കളുടെ ഭാര്യ പഠിപ്പിയ്ക്കുന്ന ഹിസ്റ്ററിയിലെ പാഠഭാഗത്ത് ഗാന്ധി പറയുന്ന അഹിംസയും, സ്നേഹവും ലവലേശം തൊട്ട് തീണ്ടാത്ത ഈ ട്യൂഷന്‍ക്ലാസ്സൊരിയ്ക്കലും കുട്ടികളുടെ സ്നേഹം അര്‍ഹിയ്ക്കുന്നില്ല. ഒരിയ്ക്കല്‍ ക്ലാസ്സില്‍ വരാത്തതിന് കാരണം പറഞ്ഞപ്പോള്‍ സാറൊരു മറുപടി പറഞ്ഞു അത് ഞാന്‍ മറന്നിട്ടില്ല. മറക്കുകയുമില്ല. കുട്ടികളോട് പ്രത്യേകിച്ച് പെണ്‍കുട്ടികളോട് അനാവശ്യമായ അനുകമ്പയും, മോശമായ പെരുമാറ്റവും നിര്‍ത്തുക. ഇനി വരുന്ന കുട്ടികളിലൊരാളെങ്കിലും ഇതിനെതിരെ പ്രതികരിയ്ക്കും.

അഭിപ്രായപ്രകടനത്തിനെല്ലാം ആണ്‍കുട്ടികള്‍ക്ക് പരിഗണന, വിളിച്ച് പറയുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്ഥാനം, ഇതൊക്കെ എന്റ മാത്രം ഇടപെടലിലൂടെ മാറ്റുവാനാകില്ല. ഒരിക്കല്‍ പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വര്‍ണ്ണത്തെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ അത് "സര്‍ക്കാരിന്റെ സ്വത്തായിമാറു"മെന്ന എന്റെ വാദത്തെ താങ്കളെതിര്‍ത്തത് "പൊട്ടത്തരം പറയാതെയിരിയെടീ" എന്ന് പറഞ്ഞുകൊണ്ടാണ്. അന്ന് തിരിച്ചൊന്നും പറയാനാകാതെ ഇരുന്ന പെണ്‍കുട്ടിയല്ല ഞാന്‍. മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിയ്ക്കാന്‍ കഴിയാത്ത താങ്കള്‍ ജനാധിപത്യ വിശ്വാസിയല്ല. ഈ അപമാനക്ക്ലാസ്സില്‍ നിന്നും രണ്ട് തവണ ഒളിച്ചോടിയപ്പോള്‍ പിറ്റേന്ന് താങ്കള്‍ ഒരുമണിക്കൂര്‍ എന്റെ അച്ഛനെ വറചട്ടിയിലിട്ട വറുത്തില്ലേ!

ട്യൂഷന്‍ ക്ലാസ്സിലൊരിക്കല്‍ (ഒരിക്കലല്ല പലതവണ) ഷീറ്റിലൂടെ വെള്ളം ചോര്‍ന്നപ്പോള്‍ ബെഞ്ച് മാറ്റുവാന്‍ ഞാനിറങ്ങി അന്ന് താങ്കള്‍ എന്നെ മാറ്റി നിര്‍ത്തി. മറ്റ് പെണ്‍കുട്ടികളോടൊപ്പം. പണ്ടേ ബഞ്ച് പിടിയ്ക്കാനിഷ്ടമുള്ള എന്റെ പ്രര്‍ത്തിക്കാനുള്ള അവകാശവും താങ്കള്‍ നിഷേധിച്ചു. വളരെ അകലെനിന്ന് വരുന്നവരെപ്പോലും , കാലാവസ്ഥാമാറ്റം പോലും പരിഗണിയ്ക്കാതെ ക്ലാസ്സിന് വെളിയില്‍ നിര്‍ത്തിയിരുന്ന കാര്യം ഓര്‍ക്കുന്നുണ്ടോ? കാര്യം വീടടുത്തായിരുന്നുവെങ്കിലും അക്കൂട്ടത്തിലെല്ലാം ഞാനും ഉണ്ടായിരുന്നു. :) അന്ന് താങ്കള്‍ ആര്‍ കെ നാരായണന്റെ കഥയിലെ സ്വാമിയായെന്നെ ചിത്രീകരിച്ചത് ഞാന്‍ തമാശയായി മാത്രമേയെടുക്കുന്നുള്ളു.
പഠിപ്പിക്കുന്നതിലെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ "തെറ്റ് പറയാതെ"എന്ന് പറഞ്ഞ് എന്നെ ഇരുത്തിയ സാറ് കാര്യകാരണസഹിതം ഉത്തരം ഉത്തരം വിശദീകരിച്ച് തരാഞ്ഞാതെന്തേ! സാറ് ഇനി സാവധാനം ബയോളജി ടെക്സ്റ്റ് തുറന്നുനോക്കി, ഒന്നാം പാഠം സാവധാനം പഠിയ്ക്കൂ. അടുത്ത വര്‍ഷത്തെ ‌കുട്ടികളെയെങ്കിലും തെറ്റ് പഠിപ്പിയ്ക്കാതിരിക്കൂ.

പറഞ്ഞ ദിവസം പരീക്ഷ നടത്താതെയും , അനാവശ്യ പരീക്ഷകള്‍ നടത്തിയും അടുപ്പിച്ച ആഴ്ചകളില്‍ മാത്ത്സ് ക്ലാസ്സ് അടുപ്പിച് വെയ്ക്കുകയും ചെയ്തപ്പോള്‍ ഞാന്‍ മനുഷ്യഭാവം കണ്ടത് ജോഗ്രഫി സാറില്‍ മാത്രമായിരുന്നു.കാപ്പി കുടിയ്ക്കുമ്പോള്‍ മിണ്ടെരുതെന്നും, ശബ്ദം ഉണ്ടാക്കരുതെന്നും പറയുമ്പോഴോര്‍ക്കുക ഇനിയും താങ്കളുടെ താളത്തിനൊത്ത് തുള്ളാന്‍ ചിലരുണ്ടാകും. എന്നാല്‍ സിറിയയിലെയും, ലിബിയയിലെയും വാള്‍സ്ട്രീറ്റിലെയും ജനകീയസമരങ്ങളുടെ ചൂടും ചൂരും താമസിയാതെ ഇവിടെയുമെത്തും. ജാഗ്രത‌! സ്വന്തം കാല്‍ക്കീഴിലെ മണ്ണൊലിച്ച് പോകുമ്പോള്‍ സ്വന്തമെന്ന് പറയാന്‍ ആരും കാണാതെ പകച്ചു നില്‍ക്കേണ്ടിയും വരും.

ഇത്രയും വായിച്ചിട്ട് ഇത് കീറിയില്ലെങ്കില്‍ നിര്‍ദ്ദേശവും വായിക്കുക.

  • പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യപരിഗണന.
  • കായികാധ്വാനത്തിലും അഭിപ്രായപ്രകടനത്തിലും പെണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കുക.
  • ഫീസ് വെട്ടിച്ചുരുക്കുക.
  • നിലവാരമുള്ള നല്ലപരീക്ഷകള്‍ - മലയാളം മീഡിയത്തിന് മലയാളത്തിലും ഇംഗ്ലീഷ് മീഡിയത്തിന് ഇംഗ്ലീഷിലും നല്‍കുക.
  • മലയാളം മീഡിയത്തെ താഴ്ത്തിക്കെട്ടുന്ന രീതി അവസാനിപ്പിയ്ക്കുക.
  • ശിക്ഷാ രീതികളുടെ കാഠിന്യം കുറയ്ക്കുക.

ഇതൊന്നും താങ്കളംഗീകരിച്ചാലുമില്ലെങ്കിലും പറഞ്ഞതിന്റ ചാരിതാര്‍ത്ഥ്യമെനിയ്ക്കുണ്ട്. നടപ്പാക്കിയില്ലെങ്കില്‍ കുറ്റബോധം താങ്കള്‍ക്കും(എന്ന് പ്രതിക്ഷിക്കുന്നു) . ഇനിയിത് വായിച്ച് മാനസ്സാന്തരമുണ്ടായെങ്കില്‍ തെത്സുകോ കുറോയാനഗിയുടെ ടോട്ടോച്ചാന്‍ എന്ന മനോഹരമായ നോവല്‍ വായിക്കുക. ഒരധ്യാപകന്‍ എങ്ങനെയായിരിക്കണമെന്ന് തിരിച്ചറിയുക.

Dictators of all ages have tried to suppress the voice of the oppressed who rebel against them. But they will rise up one day.


എന്ന് സഹതാപപൂര്‍വ്വം,

 കവിത മനോഹര്‍
( ഒരു വിദ്യാര്‍ത്ഥിനി )