Skip to main content

ഒരു മാഷിന്.. (സഹതാപപൂര്‍വ്വം)


മണ്ണില്‍ ചവിട്ടാന്‍ തുടങ്ങിയ പതിനഞ്ചു വര്‍ഷങ്ങള്‍...
സാന്നിധ്യമറിയിച്ചു ഞാന്‍ പഠിച്ച  പത്തോളം സ്കൂളുകള്‍...
എന്നെയറിഞ്ഞ ഞാനറിഞ്ഞ വിരലിലെണ്ണാന്‍ മാത്രമുള്ള അധ്യാപകര്‍...
എന്നെ തിരിച്ചറിഞ്ഞ ഞാന്‍  സ്നേഹിച്ച കൂട്ടുകാര്‍...

ഓര്‍മയുടെ നനുത്ത സ്പര്‍ശം ഓരോ മഴക്കാലം നല്‍കുമ്പോള്‍ പത്താം  ക്ലാസ്സിലെ രണ്ടു മഴക്കാല മാസങ്ങളില്‍ ഞാനനുഭവിച്ച നീറുന്ന ഓര്‍മകളുടെ കനലെരിയുകയാണ് ,ടുഷന്‍  സാറിനായുള്ള  ഒരു തുറന്ന കത്തിലൂടെ...


ബഹുമാനപ്പെട്ട സാര്‍,

2011-2012 അധ്യയന വര്‍ഷത്തില്‍ "സെന്റര്‍ ഫോര്‍ എസ് എസ് എല്‍ സി" എന്ന താങ്കളുടെ ട്യൂഷന്‍ ക്ലാസ്സില്‍ രണ്ട് മാസത്തോളം പഠിയ്ക്കേണ്ടി വന്ന നിര്‍ഭാഗ്യവതിയായ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. ഈ കത്തെഴുതുന്നത് ചില കാര്യങ്ങള്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ്. ഈ കത്തുകൊണ്ട് താങ്കളുടെ ജീവിത്തതില്‍ മാറ്റം വന്ന് കാണുവാനും ഞാന്‍ ആഗ്രഹിയ്ക്കുന്നു.2012 ജൂണ്‍ മാസം താങ്കളുടെ നനയുന്ന ട്യൂഷന്‍ ക്ലാസ്സില്‍ വന്ന അന്നുമുതല്‍ ചെവി, കണ്ണ്, മൂക്ക്, നാക്ക്, തൊലി തുടങ്ങിയ ഇന്ദ്രിയങ്ങളിലെല്ലാമുണ്ടായിരുന്ന എന്റെ ചോരത്തിളപ്പും പ്രതികരണ ശേഷിയും ഉറഞ്ഞുപോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്നെനിയ്ക്കത് തിരികെ ലഭിച്ചിരിക്കുന്നു. അതൊക്കെയാണീ കത്തെഴുതുവാനെന്നെ പ്രേരിപ്പിക്കുന്നത്.

2012 -2013 ലേയ്ക്കായി താങ്കളുടെ ട്യൂഷന്‍ ക്ലാസ്സിലിരിക്കുന്ന എന്റെ കൊച്ചനുജന്മാരുടെയും, അനുജത്തിമാരുടെയും സംരക്ഷണത്തിനുവേണ്ടി കൂടിയാണിതെഴുതുന്നതെന്ന് താങ്കള്‍ മറക്കരുത്. ലോകയുദ്ധം ഒഴിവാക്കാന്‍ ഗാന്ധിജി ഹിറ്റലര്‍ക്ക് എഴുതിയ കത്ത് ഹിറ്റലറുടെ മനം മാറ്റിയില്ല. എന്നാലും ഈ കത്തിലൂടെ ഞാന്‍ താങ്കളില്‍ നിന്നും ഒരു മനംമാറ്റം ഞാനാഗ്രഹിയ്ക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ. മനസ്സാക്ഷിയോട് നീതിപുലര്‍ത്തുന്ന എന്‍ സി സി കേഡറ്റാണെങ്കില്‍ ഇത് നടപ്പാക്കുക 
.
കുട്ടികളില്‍, പ്രത്യേകിച്ച് കൌമാരക്കാരില്‍ ശ്രദ്ധ പതറുവാന്‍ ചെറിയ കാരണങ്ങള്‍ മതി. പഠിപ്പിയ്ക്കുന്നതിനിടയില്‍ ശ്രദ്ധിയ്ക്കാന്‍ മറന്നവരെ ആദ്യം പറഞ്ഞ് മനസ്സിലാക്കുക ഇനിയിതാവര്‍ത്തിക്കരുതെന്ന്. എന്നാല്‍ അതൊന്നും കൂടാതെ അധ്യാപനവൃത്തിയുടെ അന്തസ്സിന്റ നെല്ലിപ്പല്ക ചീന്തിപ്പൊളിച്ച് അവയില്‍ സഭ്യമല്ലാത്ത ഭരണിപ്പാട്ടുകള്‍ നിറക്കുമ്പോള്‍ കരിവാളിയ്ക്കുന്നത് ഒരു തലമുറയുടെ പുത്തന്‍ കതിരുകളാണ്
 
ഒരധ്യാപകനില്‍ നിന്നും കേള്‍ക്കാന്‍ പാടില്ലാത്ത പലതും ഞാന്‍ താങ്കളില്‍ നിന്നും കേട്ടു. "എന്താസാറേ ഇതെ"ന്ന് ചോദിയ്ക്കുവാന്‍ തുനിയുമ്പോള്‍ താങ്കളുടെ വീണ്ടും വീണ്ടുമുള്ള ശകാരവും, വഴക്കും, സഭ്യമല്ലാത്ത ഭാഷാ പ്രയോഗങ്ങളും എന്നെ ലജ്ജിപ്പിക്കുകയാണ്. താങ്കളെ ഞാനെങ്ങനെ ഒരധ്യാപകനെന്ന് വിളിയ്ക്കും?. വിദ്യയോടൊപ്പം വിഷം ചേര്‍ത്ത് വിളമ്പുന്ന 'വിദ്വേഷിയെ'യാണ് താങ്കളിലൂടെ ഞാന്‍ കാണുന്നത്. ഇനിയെങ്കിലും നാളത്തെ കുരുന്നുകളോട് സഭ്യമായ ഭാഷയിലൂടെ അധികം വികാരപ്രകടനങ്ങളില്ലാതെ പെരുമാറുക.

സാറേ കാലം മാറി, ഇപ്പോഴും ട്യൂഷന്‍ ക്ലാസ്സില്‍ നൂറും ഇരുന്നൂറും തവണ എഴുതിപ്പഠിപ്പിക്കുന്നത് ഓള്‍ഡ് ഫാഷന്‍ ആണെന്നത് സത്യം. പഠിച്ച കാര്യം തന്നെയും പിന്നെയും എഴുതിക്കുന്നത് പാപമാണ്! മഹാപാപം!.. വീട്ടില്‍ ചെന്നാല്‍ ട്യൂഷന്‍ ക്ലാസ്സിലെ വര്‍ക്കുകളും (കഠിനം) ,ഹോം വര്‍ക്കുമൊക്കെയായി പഠിയ്ക്കേണ്ട സമയം കൂട്ടിക്കൂട്ടി രാത്രി ഉറങ്ങാതെ ഒരിയ്ക്കല്‍ സ്കൂളില്‍ വെച്ചെനിക്കുണ്ടായ ദേഹാസ്വസ്ഥ്യത്തിന്റെ ഉത്തരവാദിത്വം സാറിന്റെ തലയില്‍ കെട്ടിവെയ്ക്കാനെനിയ്ക്ക് മടിയൊട്ടും തന്നെയില്ല. എമ്പോസിഷ്യന്‍ എഴുതിയില്ലെങ്കില്‍ ദേഹോപദ്രവമായി തല്ല് ഏല്‍പ്പിക്കുന്ന താങ്കളുടെ നീചവും പൈശാചികവുമായ നടപടി തികച്ചും തെറ്റാണ്. ഒരു ദിവസം മറന്നാല്‍ പോലും അത് മഹാപാപമായിക്കരുതുന്ന താങ്കളെപ്പോലെയുള്ളവര്‍ കാശുവാങ്ങി ഒരുവര്‍ഷത്തേയ്ക്ക് ഞങ്ങളെ ഏറ്റെടുത്ത് എ പ്ലസ്സ് ബേബികളാക്കുവാന്‍ നോക്കുന്നതിലൂടെ ഞങ്ങളുടെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുകയാണ്. പഠിപ്പിയ്ക്കാതെ വെറുതേ വായിച്ച് അത് കാണാപ്പാഠം പഠിപ്പിക്കുന്ന സ്റ്റൈലില്‍ നിന്നും മാറേണ്ടിയിരിക്കുന്നു. കുട്ടികളുടെ മനസ്സ് നോവിയ്ക്കുന്ന താങ്കളുടെ കയ്യിലിരിക്കുന്ന വടി ഒടിച്ച് ട്യൂഷന്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോകുന്ന കണ്ണകി എന്നില്‍ പലതവണ വന്നിരുന്നെങ്കിലും നിങ്ങളതിനെയും മരവിപ്പിച്ചു
താങ്കളുടെ ഭാര്യ പഠിപ്പിയ്ക്കുന്ന ഹിസ്റ്ററിയിലെ പാഠഭാഗത്ത് ഗാന്ധി പറയുന്ന അഹിംസയും, സ്നേഹവും ലവലേശം തൊട്ട് തീണ്ടാത്ത ഈ ട്യൂഷന്‍ക്ലാസ്സൊരിയ്ക്കലും കുട്ടികളുടെ സ്നേഹം അര്‍ഹിയ്ക്കുന്നില്ല. ഒരിയ്ക്കല്‍ ക്ലാസ്സില്‍ വരാത്തതിന് കാരണം പറഞ്ഞപ്പോള്‍ സാറൊരു മറുപടി പറഞ്ഞു അത് ഞാന്‍ മറന്നിട്ടില്ല. മറക്കുകയുമില്ല. കുട്ടികളോട് പ്രത്യേകിച്ച് പെണ്‍കുട്ടികളോട് അനാവശ്യമായ അനുകമ്പയും, മോശമായ പെരുമാറ്റവും നിര്‍ത്തുക. ഇനി വരുന്ന കുട്ടികളിലൊരാളെങ്കിലും ഇതിനെതിരെ പ്രതികരിയ്ക്കും.

അഭിപ്രായപ്രകടനത്തിനെല്ലാം ആണ്‍കുട്ടികള്‍ക്ക് പരിഗണന, വിളിച്ച് പറയുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്ഥാനം, ഇതൊക്കെ എന്റ മാത്രം ഇടപെടലിലൂടെ മാറ്റുവാനാകില്ല. ഒരിക്കല്‍ പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വര്‍ണ്ണത്തെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ അത് "സര്‍ക്കാരിന്റെ സ്വത്തായിമാറു"മെന്ന എന്റെ വാദത്തെ താങ്കളെതിര്‍ത്തത് "പൊട്ടത്തരം പറയാതെയിരിയെടീ" എന്ന് പറഞ്ഞുകൊണ്ടാണ്. അന്ന് തിരിച്ചൊന്നും പറയാനാകാതെ ഇരുന്ന പെണ്‍കുട്ടിയല്ല ഞാന്‍. മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിയ്ക്കാന്‍ കഴിയാത്ത താങ്കള്‍ ജനാധിപത്യ വിശ്വാസിയല്ല. ഈ അപമാനക്ക്ലാസ്സില്‍ നിന്നും രണ്ട് തവണ ഒളിച്ചോടിയപ്പോള്‍ പിറ്റേന്ന് താങ്കള്‍ ഒരുമണിക്കൂര്‍ എന്റെ അച്ഛനെ വറചട്ടിയിലിട്ട വറുത്തില്ലേ!

ട്യൂഷന്‍ ക്ലാസ്സിലൊരിക്കല്‍ (ഒരിക്കലല്ല പലതവണ) ഷീറ്റിലൂടെ വെള്ളം ചോര്‍ന്നപ്പോള്‍ ബെഞ്ച് മാറ്റുവാന്‍ ഞാനിറങ്ങി അന്ന് താങ്കള്‍ എന്നെ മാറ്റി നിര്‍ത്തി. മറ്റ് പെണ്‍കുട്ടികളോടൊപ്പം. പണ്ടേ ബഞ്ച് പിടിയ്ക്കാനിഷ്ടമുള്ള എന്റെ പ്രര്‍ത്തിക്കാനുള്ള അവകാശവും താങ്കള്‍ നിഷേധിച്ചു. വളരെ അകലെനിന്ന് വരുന്നവരെപ്പോലും , കാലാവസ്ഥാമാറ്റം പോലും പരിഗണിയ്ക്കാതെ ക്ലാസ്സിന് വെളിയില്‍ നിര്‍ത്തിയിരുന്ന കാര്യം ഓര്‍ക്കുന്നുണ്ടോ? കാര്യം വീടടുത്തായിരുന്നുവെങ്കിലും അക്കൂട്ടത്തിലെല്ലാം ഞാനും ഉണ്ടായിരുന്നു. :) അന്ന് താങ്കള്‍ ആര്‍ കെ നാരായണന്റെ കഥയിലെ സ്വാമിയായെന്നെ ചിത്രീകരിച്ചത് ഞാന്‍ തമാശയായി മാത്രമേയെടുക്കുന്നുള്ളു.
പഠിപ്പിക്കുന്നതിലെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ "തെറ്റ് പറയാതെ"എന്ന് പറഞ്ഞ് എന്നെ ഇരുത്തിയ സാറ് കാര്യകാരണസഹിതം ഉത്തരം ഉത്തരം വിശദീകരിച്ച് തരാഞ്ഞാതെന്തേ! സാറ് ഇനി സാവധാനം ബയോളജി ടെക്സ്റ്റ് തുറന്നുനോക്കി, ഒന്നാം പാഠം സാവധാനം പഠിയ്ക്കൂ. അടുത്ത വര്‍ഷത്തെ ‌കുട്ടികളെയെങ്കിലും തെറ്റ് പഠിപ്പിയ്ക്കാതിരിക്കൂ.

പറഞ്ഞ ദിവസം പരീക്ഷ നടത്താതെയും , അനാവശ്യ പരീക്ഷകള്‍ നടത്തിയും അടുപ്പിച്ച ആഴ്ചകളില്‍ മാത്ത്സ് ക്ലാസ്സ് അടുപ്പിച് വെയ്ക്കുകയും ചെയ്തപ്പോള്‍ ഞാന്‍ മനുഷ്യഭാവം കണ്ടത് ജോഗ്രഫി സാറില്‍ മാത്രമായിരുന്നു.കാപ്പി കുടിയ്ക്കുമ്പോള്‍ മിണ്ടെരുതെന്നും, ശബ്ദം ഉണ്ടാക്കരുതെന്നും പറയുമ്പോഴോര്‍ക്കുക ഇനിയും താങ്കളുടെ താളത്തിനൊത്ത് തുള്ളാന്‍ ചിലരുണ്ടാകും. എന്നാല്‍ സിറിയയിലെയും, ലിബിയയിലെയും വാള്‍സ്ട്രീറ്റിലെയും ജനകീയസമരങ്ങളുടെ ചൂടും ചൂരും താമസിയാതെ ഇവിടെയുമെത്തും. ജാഗ്രത‌! സ്വന്തം കാല്‍ക്കീഴിലെ മണ്ണൊലിച്ച് പോകുമ്പോള്‍ സ്വന്തമെന്ന് പറയാന്‍ ആരും കാണാതെ പകച്ചു നില്‍ക്കേണ്ടിയും വരും.

ഇത്രയും വായിച്ചിട്ട് ഇത് കീറിയില്ലെങ്കില്‍ നിര്‍ദ്ദേശവും വായിക്കുക.

 • പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യപരിഗണന.
 • കായികാധ്വാനത്തിലും അഭിപ്രായപ്രകടനത്തിലും പെണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കുക.
 • ഫീസ് വെട്ടിച്ചുരുക്കുക.
 • നിലവാരമുള്ള നല്ലപരീക്ഷകള്‍ - മലയാളം മീഡിയത്തിന് മലയാളത്തിലും ഇംഗ്ലീഷ് മീഡിയത്തിന് ഇംഗ്ലീഷിലും നല്‍കുക.
 • മലയാളം മീഡിയത്തെ താഴ്ത്തിക്കെട്ടുന്ന രീതി അവസാനിപ്പിയ്ക്കുക.
 • ശിക്ഷാ രീതികളുടെ കാഠിന്യം കുറയ്ക്കുക.

ഇതൊന്നും താങ്കളംഗീകരിച്ചാലുമില്ലെങ്കിലും പറഞ്ഞതിന്റ ചാരിതാര്‍ത്ഥ്യമെനിയ്ക്കുണ്ട്. നടപ്പാക്കിയില്ലെങ്കില്‍ കുറ്റബോധം താങ്കള്‍ക്കും(എന്ന് പ്രതിക്ഷിക്കുന്നു) . ഇനിയിത് വായിച്ച് മാനസ്സാന്തരമുണ്ടായെങ്കില്‍ തെത്സുകോ കുറോയാനഗിയുടെ ടോട്ടോച്ചാന്‍ എന്ന മനോഹരമായ നോവല്‍ വായിക്കുക. ഒരധ്യാപകന്‍ എങ്ങനെയായിരിക്കണമെന്ന് തിരിച്ചറിയുക.

Dictators of all ages have tried to suppress the voice of the oppressed who rebel against them. But they will rise up one day.


എന്ന് സഹതാപപൂര്‍വ്വം,

 കവിത മനോഹര്‍
( ഒരു വിദ്യാര്‍ത്ഥിനി )
Comments

 1. ശക്തമായ പ്രതികരണം. പക്ഷേ എന്റെ അഭിപ്രായത്തില്‍ ഇങ്ങനെയൊരു പ്രതികരണത്തിന് ഇത്രയും കാലം കാത്തുനിന്നത് ചിരുതക്കുട്ടി ചെയ്ത പൊറുക്കാനാവാത്ത ഒരു തെറ്റ് തന്നെയാണ്. കേട്ടിടത്തോളം ഇങ്ങനെ ഒരു തുറന്ന കത്ത് അയാള്‍ക്കുള്ള വളരെ ചെറിയ ഒരു മറുപടി മാത്രമേ ആവുന്നുള്ളൂ. അയാള്‍ ചെയ്ത തെറ്റ് എത്രത്തോളം ഗൌരവമുള്ളതാണെന്നും അത് യാതൊരു കാരണവശാലും ആവര്‍ത്തിക്കപ്പെടേണ്ടാതിരിക്കേണ്ടതാണെന്നും നല്ല രീതിയില്‍ അങ്ങേരെ ബോധ്യപ്പെടുത്താന്‍ ഈ കത്തുകൊണ്ട് സാധിക്കില്ല. അത് കത്തിന് സംവേദനക്ഷമത ഇല്ലാത്തതുകൊണ്ടല്ല. വേണ്ട രീതിയില് ഇത്തരമൊരു എഴുത്ത് ഉള്‍ക്കൊള്ളാന്‍ മാത്രം ഒരു വായനാബോധം ആ അധ്യാപകന് ഉണ്ടാവുമോ എന്ന് കാര്യമായി ഞാന്‍ സംശയിക്കുന്നു. ആ അധ്യാപകനല്ല ബ്ലോഗിടത്തില്‍ വായിക്കാനിരിക്കുന്നത് എന്നുള്ളത് കൊണ്ട് ഇതൊക്കെ മാറ്റി നിര്‍ത്തട്ടെ.. എഴുത്ത്, അതിഗംഭീരമായിരിക്കുന്നു. വാക്കുകള്‍ക്ക് നല്ല ശക്തിയുണ്ട്. കത്ത് അധ്യാപകനുള്ളതാണെങ്കിലും വായിക്കേണ്ടത് മറ്റ് അധ്യാപകരും രക്ഷാകര്‍ത്താക്കളും പിന്നെ പ്രതികരിക്കാന്‍ പരിമിതികള്‍ പാടില്ലാത്ത വിദ്യാര്‍ത്ഥികളുമാണ്, അവരില്‍ പ്രതികരണത്തിന്റെ പന്തങ്ങള്‍ പകരാന്‍ ഈ എഴുത്തിനു സാധിക്കട്ടെ. ചിരുതക്കുട്ടി കാത്തുനിന്നതുപോലെ ഇനി കാത്തുനില്‍ക്കാന്‍ ആരും തയ്യാറാവാതിരിക്കട്ടെ. ഒരു വലിയ മാറ്റത്തിന് നാന്ദികുറിക്കാന്‍ ഈ വാക്കുകള്‍ക്കാവട്ടെ.. ഇതിത്രയും വൈകിയതിനു രൂക്ഷമായ ശകാരങ്ങളും, ഇപ്പോളെങ്കിലും, ഇങ്ങനെയൊരു കത്തെങ്കിലും, എഴുതാന്‍ തയ്യാറായതിനു ഊഷ്മളമായ അഭിവാദനങ്ങളും...

  ReplyDelete
 2. അഭിപ്രായത്തിനു നന്ദി.ഹോമോയോ ചികിത്സയുടെ പിതാവ് സാമുവേല്‍ ഹാനിമാന്‍ നെര്‍പ്പിക്കുന്തോറും വീര്യം കൂടും എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ എന്റെ ടുഷന്‍ സാറിന്റെ പൈശാചിക കൃത്യങ്ങള്‍ എന്റെ മനസ്സില്‍ കിടന്നു നീറിപ്പുകഞ്ഞു അതൊരു തീയായി പടരുവാന്‍ ഒരവധിക്കാലം വേണ്ടി വന്നു. സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുവാറില്ലല്ലോ ! ഒരു തരത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിനിപ്പോഴും കുട്ടികളുടെ മനസ്സാണ്. നിഷ്കളങ്കതയ്ക്കും സ്നേഹത്തിനും പകരം ചെറിയ ,പൊയ്മുഖ, സമ്പുഷ്ട്ടമായ വേര്‍തിരിവിന്റെ മനസ്സ്. ഈ ചെറിയ പ്രായത്തിലെ മനസ്സിന്റെ വിസ്താരം കണ്ടെത്തി അദ്ദേഹത്തിന്റെ ശരീരം വലുതെങ്കിലും മനസ്സ് വളരെ ചെറുതാണ്‌ എന്ന നിഗമനത്തിലെത്താന്‍ അധികനാള്‍ വേണ്ടി വന്നില്ല.

  പിന്നെ പ്രതികരിക്കേണ്ടത് പരിമിതികളില്ലാത്ത വിദ്യാര്‍ത്ഥികളുമാണ് എന്ന് പറഞ്ഞല്ലോ.! അത് നൂറ്‌ ശതമാനം ശരിയാണ്. എന്റെ ജീവിതത്തിലെ ഇത്തരം എല്ലാ സന്ദര്‍ഭങ്ങളിലും ഞാനെന്നു ഒറ്റക്കാണ്.പക്ഷേ ഈ ടുഷന്‍ ക്ലാസ്സാല്‍ ഞാന്‍ ആ സത്യം മനസ്സിലെഴുതി. അണികളല്ല , മനസ്സിലെ അണയാത്ത തിരികളാണ് ആവശ്യം..

  ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

  ReplyDelete
 3. വളരെ നന്നായിരിക്കുന്നു കവിത.നിന്റെ അതേ പ്രായത്തിലെ ഒരു വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഞാന്‍ ഒരേ സമയം അഭിമാനിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു.ഇതുപോലെ പ്രതികരിക്കേണ്ടി വന്ന ഒരവസ്ഥ എനിക്കുണ്ടയിടുന്ടെന്നു തോന്നുന്നില്ല.ഉണ്ടായാല്‍ പോലും ഞാന്‍ ഈ രീതിയില്‍ പ്രതികരിക്കുമോ എന്നും സംശയിക്കുന്നു.ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗുരുവും ശിഷ്യനും [ശിഷ്യയും] ഒരേ സ്ഥാനത്താണ്‌ എന്ന് മറന്നു പോകുന്ന ഈ അധ്യാപകനെപ്പോലെയുള്ളവര്‍ നമ്മെപ്പോലുള്ളവരുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടവര്‍ തന്നെയാണ്.നമ്മെ തിരിച്ചറിയുന്ന ചുരുക്കം ചില അധ്യാപകരുടെ ഇടയില്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ കവിത പറഞ്ഞതുപോലെ അധ്യാപകന്‍ എന്ന പേരിനു പോലും അര്‍ഹതയുള്ളവര്‍ അല്ല.പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സില്‍ പോലും അഭിപ്രായം പറയാന്‍ അനുവദിക്കാത്ത ഇത്തരം അധ്യാപകരോട് ഒരു തരാം പുച്ച്ചമാണ് തോന്നുന്നത്.തുറന്ന ഒരു കത്തില്‍ മാത്രം ഒതുങ്ങേണ്ടാതയിരുന്നില്ല ഇത്.മുഖത്ത് നോക്കിക്കൊണ്ട് പറയുകയും കൂടി ചെയ്യേണ്ടതായിരുന്നു.പലതവണ നിന്നിലെ പ്രതികരണ ശേഷിയെ മന്ധീകരിപ്പിച്ച ആ സര്‍ അവിടെയെല്ലാം വിജയിക്കുവയിരുന്നോ എന്നൊരു തോന്നല്‍.നിന്റെ ഈ തുറന്ന കത്തിലൂടെ അദേഹത്തില്‍ ചെറുതായിട്ടെങ്കിലും ഒരു മാറ്റമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.ഇപ്പോള്‍ ഒരു മാറ്റം ഉണ്ടയില്ലേല്‍ നാളെ വരുന്നവര്‍ നിന്നിലെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അദേഹത്തെ തിരുത്തി കുറിക്കുക തന്നെ ചെയ്യും.

  ReplyDelete
  Replies
  1. എന്റെ പ്രതികരണ ശേഷിയ്ക്കദ്ദേഹം മങ്ങലേല്‍പ്പിച്ചുവെന്നതിനര്‍ത്ഥം അദ്ദേഹത്തിന്റഎ മങ്ങലേല്‍പ്പിക്കലിനുമുന്നില്‍ ഞാന്‍ പതറിയെന്നു തന്നെയാണ്. ആ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ട്യൂഷന്‍ ക്ലാസ്സ് വിട്ടിറങ്ങുമ്പോഴേയ്ക്കും സാറിനോടൊന്നും പറയാത്തതിന്റെ ദാഹത്താലെന്റെ കണ്ണുകള്‍ക്കൊരുപാട് വെള്ളം തൂവിയ്ക്കേണ്ടിവരുമായിരുന്നു.ട്യൂഷന്‍ ക്ലാസ്സി വിട്ട് ഈ ദാഹം പള്ളിയില്‍ വന്ന് കണ്ണീരാല്‍ തീര്‍ക്കുവാന്‍ ഞാന്‍ പഠിച്ചു.
   പക്ഷേ! ആ കണ്ണീരിന് എന്റെ ഹൃദയത്തിന്റെ ദാഹം തീര്‍ക്കുവാനായില്ല.അതീ കത്തുകൊണ്ടും പൂര്‍ണ്ണമാകുന്നുമില്ല.ഇതൊക്കെ പറയുമ്പോള്‍ ഓര്‍മ്മ വരുന്നത് ആ രണ്ട് മാസക്കാലത്തെ ട്യൂഷന്‍ ക്ലാസ്സിനോടുള്ള അടങ്ങാത്ത ദേഷ്യം തന്നെയാണ്. അഭിപ്രായമറിയിച്ചതിന് എന്റെ കൂട്ടുകാരിയ്ക്കേറെ നന്ദി...

   Delete
 4. ഗുരുനിന്ദയുടെ വകുപ്പിലാണ് പ്രസ്തുത തുറന്നു പറച്ചിലുകൾ വരിക. പഠനത്തിനു വേണ്ടിയുള്ള സഹനങ്ങൾക്ക് പര്യാപ്തമായ കഥകൾ ഇക്കൂട്ടരുടെ കൈയിൽ എന്നും ഉണ്ടാവും. ട്യൂഷനിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും ഒരു മാർഗമുണ്ട്, സ്കൂളുകലിലെ സ്ഥിതി ഇതിനേക്കാൾ മോശമാകുമ്പോഴോ? അച്ഛനോ അമ്മയോ പിൻബലമായില്ലാത്ത പെൺ കുട്ടികളുടെ കാര്യം കഷ്ടമാണ്. ഒരു ദിവസം ക്ലാസിൽ വരാതിരുന്ന പെൺകുട്ടിയോട് ‘നിന്റെ അമ്മ പെറ്റു കിടക്കയായിരുന്നോടി’ എന്നാണ് അദ്ധ്യാപകൻ ചോദിച്ചത്. മറ്റുള്ളവർക്ക് ചിരിക്കാൻ വേണ്ടി കൂടിയാണ്. ഇമ്പോസിഷൻ എഴുതാത്തതിന്റെ പേരിൽ പുറത്തടി കൊണ്ട് പുറത്തേയ്ക്കിറങ്ങി ഓടിയ പെൺകുട്ടിയെ അച്ഛൻ മാപ്പപേക്ഷയോടെ പിറ്റേന്നു കൊണ്ടു വന്നു. നമ്മുടെ കുട്ടികൾക്ക് ഡോക്ടറാവാതെ ഒരു രക്ഷയുമില്ല. ഇതു കൂടി നോക്കൂ. http//aththam.blogspot.com

  ReplyDelete
  Replies
  1. ഇത്തരം തുറന്ന് പറച്ചിലുകള്‍കൊണ്ട് ഗുരുത്വമില്ലാത്ത കുട്ടിയാണെന്നുള്ള മറ്റുള്ളവരുടെ ഭാഷ്യം എനിക്ക് സുപരിചിതമാണ്.അത് ശരിയാണ് - ട്യൂഷന്‍ ക്ലാസ്സിനേക്കാള്‍ മോശമായ സ്ക്കൂളുകളുണ്ടെങ്കില്‍ സംഗതി പറയണ്ടതില്ല. കാരണം ഈ അവസ്ഥയും ഞാനനുഭവിച്ചിട്ടുണ്ട്."നിന്റെ അമ്മ പെറ്റു കിടക്കയായിരുന്നോടി" എന്ന അധ്യാപകനു സമാനമായവ എനിക്കും ഈ അധ്യാപകനില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

   വെള്ളെഴുത്ത് പറഞ്ഞത് ശരിയാണ് മക്കളെ മനസ്സിലാക്കുന്ന മാതാപിതാക്കളും, മാതാപിതാക്കളെ മനസ്സിലാക്കുന്ന അധ്യാപകരും ആവശ്യം തന്നെയാണ്.
   പിന്നെ അത്തത്തെ എനിക്കിഷ്ട്ടമാട്ടോ!

   Delete
 5. കുട്ടികള്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. മുപ്പതു വര്‍ഷം കഴിഞ്ഞിട്ടും എന്നെ "പഠിപ്പിച്ചതിന്റെ" കേടുപാടുകള്‍ തീര്‍ന്നില്ല.

  ശിഷ്യനിന്ദ ആകാമെങ്കില്‍ ഗുരുനിന്ദയും ആകാം വെള്ളേ:) ഒന്നുകില്‍ എന്നെ പഠിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ബന്ധുക്കള്‍ നല്‍കുന്ന പണമോ അതല്ല സര്‍ക്കാര്‍ സ്കൂള്‍ ആണെങ്കില്‍ എന്നെ പഠിപ്പിക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ നല്‍കുന്ന പണമോ പറ്റിക്കൊണ്ടാണ്‌ അദ്ധ്യാപകന്‍ എനിക്കു ക്ലാസ് എടുക്കുന്നത്. കാശുവാങ്ങിച്ചാല്‍ അതിന്റെ സര്‍‌വീസ് കിട്ടണ്ടേ.

  പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ (സ്കൂളില്‍ കേമമായിരുന്നെന്നല്ല) പിള്ളേരുടെ ചെവിയില്‍ വന്ന് പച്ചത്തെറി പറഞ്ഞ് "ശിക്ഷിക്കുന്ന" ഒരു അദ്ധ്യാപഹയന്‍ ഉണ്ടായിരുന്നു. രണ്ടുമൂന്നു തവണ എന്നോട് ആവര്‍ത്തിച്ചപ്പോള്‍ അതിലും മൂത്തത് ഉറക്കെ തന്നെ തിരിച്ചും വിളിച്ചു- കൊടുത്താല്‍ കൊല്ലത്ത് ഉറപ്പായിട്ടും കിട്ടും. അതോടെ തീര്‍ന്നു ആ പ്രശ്നം. എന്റെ ദാരിദ്ര്യത്തെ, എന്റെ രൂപത്തെ, എന്റെ വ്യക്തിത്വത്തെ, അറിയാനും പഠിക്കാനും എനിക്കുള്ള താല്പര്യത്തെ പരിഹസിക്കാന്‍ ഞാന്‍ ആര്‍ക്കാണ്‌ അവകാശം കൊടുക്കേണ്ടത്? സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്, മുതിര്‍ന്ന ക്ലാസ്സുകളില്‍. ചെറിയ പ്രായത്തില്‍ എല്ലാം സഹിച്ചു.

  ReplyDelete
 6. അത് കലക്കി... ഇക്കാലത്തും നാട്ടിന്‍പുറത്തു ഇമ്മാതിരി അധ്യാപകര്‍ ഉണ്ട്. പക്ഷെ എന്ത് ചെയ്യാനാ, അവരുടെ ചൂരലും ചോക്കേറും തങ്ങളുടെ കുട്ടികള്‍ക്ക്‌ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിക്കൊടുക്കും എന്നാണു രക്ഷിതാക്കളുടെ ധാരണ. ചൂരലിന്റെ താഴെയിരുന്നു പഠിക്കുന്ന കുട്ടികള് എന്ത് പ്രതികരിക്കാനാ...!!!

  ReplyDelete
  Replies
  1. ചൂരലും ചോക്കേറും നല്‍കുന്നവര്‍ ജീവിതത്തിന് നല്‍കുന്നത് മൈനസ്സ് മാര്‍ക്കുകരള്‍ തന്നെയാണ്...

   Delete
 7. ന്റെ ചിരുതക്കുട്ടി,
  നിന്നിലൂടെ ഞാന്‍ കേട്ടത് നിന്നെപ്പോലെ ഈ വികാരം,പ്രതിഷേധം പ്രകടിപ്പിക്കാനറിയാതെ,വിതുമ്പല്‍ പോലും പാവാടതുംബുകൊണ്ടു മറച്ചു പിടിക്കുന്ന മുഖമില്ലാത്ത ആയിരങ്ങളുടെ ശബ്ദമാണ്.നാവില്ലാത്ത ലക്ഷങ്ങളുടെ നാവാണു നീ.നിന്റെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.ഇനിയും നിനക്കിതിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരു മാമന്‍

  ReplyDelete
  Replies
  1. പ്രോത്സാഹിപ്പിച്ചതിന് നന്ദി...

   Delete
 8. ചിരുതേ സുരേഷ്ഗോപി സ്റ്റയിലിൽ ആണല്ലൊ. പകർപ്പ് ആ അദ്ധ്യാപഹയന് തപാലിൽ അയക്കാൻ മറക്കല്ലേ

  ReplyDelete
  Replies
  1. കത്ത് അയക്കാന്‍ തയ്യാറാകുകയാണ്. അദ്ദേഹത്തിന്റെ അഡ്രസ്സ് ശേഖരിയ്ക്കുന്ന തിരിക്കിലാ...

   Delete
 9. ചിരുതക്കുട്ടീ....നല്ല പ്രതികരണം തീപാറുന്ന വാക്കുകൾ. കത്ത് പോസ്റ്റലായി മാഷിന് അയച്ചില്ലേ..അതോ ബ്ലോഗിൽ മാത്രമേ പോസ്റ്റിയുള്ളൂ ?

  ReplyDelete
 10. ചിരുതക്കുട്ടീ,
  എഴുത്തിലെ ഉശിരിനെപ്പറ്റി ഇവിടെ വന്ന എല്ലാവരേയും പോലെ തന്നെ എനിക്കും സംശയമൊന്നുമില്ല. സ്വാനുഭവങ്ങളുടെ ചൂടും ചൂരും എഴുത്തിന് പ്രേരണയാകുമ്പോള്‍ അതുണ്ടാകാതെ തരമില്ല തന്നെ. ജീവിത സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കേണ്ടിടങ്ങളില്‍ മടിച്ചു നില്‍ക്കുന്ന ആളല്ല ചിരുതക്കുട്ടി എന്നറിയാവുന്നത് കൊണ്ട് ബൂലോഗത്തിത് എത്തിക്കാന്‍ വൈകിയത് ഒരു കുറ്റമായി കാണുന്നില്ല. മാത്രമല്ല പ്രതികരിക്കുന്നതെന്തിനെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത മാഷെ ഒറ്റയ്ക്ക് നന്നാക്കിയെടുക്കുനതിലും എളുപ്പം ചിരുതക്കുട്ടി അവിടെ നിന്ന് വിട്ട് നിന്ന് സ്വയം രക്ഷപ്പെടുക എന്നത് തന്നെയാണല്ലോ.എങ്കില്‍ പോലും അതൊരു ഒളിച്ചോട്ടമായിരുന്നില്ല എന്ന് അദ്ദേഹത്തെ അറിയിക്കാന്‍ ഈ കത്ത് അദ്ദേഹത്തിന്റെ കയ്യിലെത്തേണ്ടതുണ്ട്..

  ചിന്തകള്‍ക്ക് ചില കൂട്ടിച്ചേര്‍ക്കലുകള്‍

  പൊതുവിദ്യാലയത്തിലായാലും അണ്‍ഏയ്ഡഡ് വിദ്യാലയത്തിലായാലും കുഞ്ഞുങ്ങളുടെ സ്വാഭാവിക വിജ്ഞാനത്വരയെ നേരിടാന്‍ ആത്മവിശ്വാസമില്ലാത്ത ഒരു വലിയ വിഭാഗം അധ്യാപകരുടെ പക്കലുള്ള ഒറ്റമൂലിയാണ് ഭിഷണിയും ചൂരല്‍പ്രയോഗവും പിന്നെ ചിലപ്പോഴെങ്കിലും തെറിയും..അവിടെ സംശയം ചോദിക്കാനാവാത്ത കുട്ടി(വീട്ടിലും സംശയനിവൃത്തിക്ക് സാഹചര്യമില്ലാത്തവര്‍) സ്കൂലിന് വെളിയില്‍ ഒരു അധ്യാപകനെ തേടേണ്ടി വരുന്നു..ഈയൊരവസ്ഥയെ ചൂഷണം ചെയ്ത് വളര്‍ന്ന് വന്നതാണ് ട്യൂഷന്‍ വ്യവസായം.എന്നാല്‍ അവിടെയും കുട്ടിക്ക് ഒട്ടും മികച്ച പഠനസാഹചര്യമല്ല നിലവിലുള്ളത് എന്ന് കണ്ട് കഴിഞ്ഞു..ഇതിനേപറ്റി വീട്ടില്‍ പറഞ്ഞാല്‍ അത് "പഠിക്കാനുള്ള മടി" യെന്നൊക്കെ മുദ്രകുത്തപ്പെടുമ്പോഴുള്ള കുട്ടിയുടെ അവസ്ഥ പരിതാപകരമാണ്.

  അല്ലാ എവിടെയാണ് പ്രശ്നമെന്ന് തിരഞ്ഞാല്‍ തീര്‍ച്ചയായും നമ്മുടെ വിദ്യാലയങ്ങളിലും അവിടങ്ങളിലെ സ്വന്തം സേവനത്തിന്റെ മഹത്വമറിയാത്ത അധ്യാപകരിലും വന്ന് നില്‍ക്കും..'ചിരുതക്കുട്ടി'യും 'അത്ത'വുമൊക്കെ പ്രതികരിക്കുന്നത് ആശാവഹമെങ്കിലും ഈ ദുഷിച്ച വ്യവസ്ഥിതിയെ തൂത്തെറിയുവാന്‍ ഈ പിഞ്ചുകരങ്ങളുടെ ഉശിരുകൊണ്ട് മാത്രം കഴിയില്ലല്ലോ എന്ന വേദനയോടെ,
  മിണ്ടാപ്പൂച്ച.

  സ്കൂലില്‍ നിന്നും ചൂരലുകള്‍ ഇല്ലാതായെങ്കിലും വെള്ളെഴുത്ത് പറയുമ്പോലെ 'നിന്റെ അമ്മ പെറ്റു കിടക്കയായിരുന്നോടി' എന്ന് ചോദിച്ച് ചൂരല്‍പ്രയോഗിക്കാന്‍ പറ്റാത്തതിന്റെ ചൊരുക്ക് തീര്‍ക്കുന്ന അധ്യാപകരും, ചൂരലില്ലാത്തോണ്ട് കൊച്ച് ചീത്തയാവണ്ടാന്ന് കരുതി അതുള്ള ട്യൂഷന്‍ ക്ലാസ്സിലേക്കയക്കുന്ന അമ്മയച്ഛന്മാരും ഉള്ള കാലത്തോളം കുഞ്ഞുങ്ങള്‍ക്കെന്ത് രക്ഷ? Spare the rod and spoil the child എന്ന തുരുമ്പിച്ച ഇംഗ്ലിഷ് ആപ്തവാക്യതോട് തന്നെ നമുക്കിന്നും ആഭിമുഖ്യം.

  ReplyDelete
  Replies
  1. ചിന്തയുടെ കൂട്ടിച്ചേര്‍ക്കല്‍ എനിക്കിഷ്ട്ടായി...
   പ്രതികരിക്കുന്നതെന്തിനെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത മാഷെ ഒറ്റയ്ക്ക് നന്നാക്കിയെടുക്കുനതിലും എളുപ്പം ചിരുതക്കുട്ടി അവിടെ നിന്ന് വിട്ട് നിന്ന് സ്വയം രക്ഷപ്പെടുക എന്നത് തന്നെയാണല്ലോ - ഈ ഡയലോഗിഷ്ട്ടായി.

   Delete
 11. എല്ലാര്‍ക്കും ക്ഷ പിടിച്ചൂന്ന് തോന്നുന്നു. സാറിന്റെ ഭാഗം കൂടെ ഒന്ന് കേട്ടിട്ട് ബാക്കി പറയാം കേട്ടോ. അല്ലെങ്കില്‍ അന്യായമായിപ്പോകും.

  ReplyDelete
  Replies
  1. നേരിട്ടറിഞ്ഞേ വിശവസിക്കുകയുള്ളു എന്നാണെങ്കില്‍ നമ്പറ് തരാട്ടോ!

   Delete
 12. നന്നായി. പ്രതികരണശേഷി മാത്രം മതി മുന്നോട്ട് കുതിയ്ക്കാന്‍

  ReplyDelete
 13. chiruthey thee parunna vakkukal. othiri ishtaayi.

  ReplyDelete
 14. മാഷിന്റെ വാക്കുകള്‍ അല്ലെങ്കില്‍ പക്ഷം പരിശോധിക്കെണ്ടുന്ന യാതൊരു ആവശ്യവുമില്ല. ആറു വര്‍ഷക്കാലം പാരലല്‍ കോളേജ് നടത്തിയ എനിക്കറിയാം ചില അധ്യാപകരുടെ ക്രൂരതകള്‍. ചിരുതക്കുട്ടിയെപോലെ കൂടുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ പ്രതികരിക്കട്ടെ. അവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കട്ടെ. ആശംസകള്‍.

  ReplyDelete
 15. നല്ല പ്രതികരണം.. :)

  ReplyDelete
 16. വാക്കുകൾക്ക് തീയുടെ ചൂട്..... എഴുത്ത്(കൾ) ഇന്നാണ് ശ്രദ്ധയില് പെട്ടത്.

  ReplyDelete
 17. ചിരുതക്കുട്ടി പൂരിപക്ഷം വരുന്ന, ചൂരലിനെ പേടിച്ചു മിണ്ടാതിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതാണ് ധൈര്യത്തോടെ പറഞ്ഞത്. പക്ഷെ ഇതിനെതിരെ പ്രതികരിച്ചാല്‍ നാം ധിക്കാരികളും അഹങ്കാരികളുമായി മുദ്രകുത്തുന്നു...എന്റെ പ്രതികരണശേഷിയും അഭിപ്രായ സ്വാതന്ത്ര്യവും എനിക്ക് നേടിത്തന്നത് ഒറ്റപ്പെടല്‍ മാത്രമാണ്. എങ്കിലും എന്നിലെ പ്രതികരണശേഷിയുടെ ശോഷിച്ചുകൊണ്ടിരിക്കുന്ന ബലത്തില്‍ ഞാന്‍ ഇപ്പോഴും പ്രതികരിക്കന്നു...

  ReplyDelete
 18. അഭിനന്ദനങ്ങള്‍ ഈ തുറന്നെഴുത്തിനു...
  പക്ഷെ എന്തെ ഇത്ര കാലം വൈകിപ്പിച്ചു? എല്ലാത്തിനുമൊടുവില്‍ കാണാ മരയതിരുന്നു ഇങ്ങനെ ഒരു തുറന്നെഴുത്ത് കൊണ്ട് എന്ത് കാര്യം?

  ReplyDelete
 19. അങ്ങ്ട് “ക്ഷ”പിടിച്ചൂ

  ReplyDelete

Post a Comment

Popular posts from this blog

എന്റെ മഴ അനുഭവം

അങ്ങനെഒരുമഴക്കാലത്ത്


മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.

സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .

ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന്‍ ചെര…

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു..
അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു ....
വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്,
കരയനൊരു കാരണം പറഞ്ഞു കിട്ടി!

ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍
ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍,
വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു...

കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്...

ഓടിയ തിടുക്കത്തില്‍ കൈതട്ടി,
പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!
 വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം
ആത്മഹത്യക്കൊരുങ്ങി..!

അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു...
കയ്യില്‍ കയറി കോറിച്ച്  ചോര തൂവി.
പുത്തന്‍ ചോരയുടെ നിറവും മണവും
പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും
പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...

 മച്ചിങ്ങ പോലെ വീര്‍ത്ത കവിളും,
നായയുടെ രോദനത്തിന്റെ  ശബ്ദവും,
ചോണനുണ്ടായ  ഈര്‍ഷ്യയും,
ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും!

കൊങ്ങക്ക്‌ പിടിക്കുന്ന വേദന
അവന്റെ ഹൃദയത്തിനുണ്ടായി ,
പിന്നെ തൊണ്ടക്കും...
ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി....

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവന്റെ മേലാകെ ചൂടായിരുന്നു...