Tuesday, July 17, 2012

പുഴയൊഴുകിയ വഴി

 
കണ്ണ് കണ്ണീരിന്റെ തറവാടാണ്.
തറവാട്ടില്‍പ്പോയി തിരികെ വരുമ്പോള്‍ 
കണ്ണീരും കരയാറുണ്ടത്രേ!
പക്ഷേ, കണ്ണീരിന്റെ ഉള്‍ക്കണ്ണീര്‍ 
കണ്ണ് മാത്രം കാണും.

കണ്ണീരിനു മാത്രം ഗേറ്റ് തുറക്കുന്ന കണ്ണില്‍,
അന്യര്‍ക്ക് പ്രവേശനമില്ലെന്നറിയാത്തവര്‍ വരാറുണ്ട്,
വന്നു കയറമ്പോഴേയ്ക്കും
തറവാട്ടില്‍ക്കയറിയ ശത്രുവിനെയകറ്റാന്‍ 
സ്വയം കരഞ്ഞു   കണ്ണീര്‍ വീണ്ടും...

ഇടയ്ക്ക്  കണ്‍ പീലിപ്പടര്‍പ്പിലെ വിശറിക്കൂട്ടം
തറവാട്ടില്‍ക്കയറാനൊരു ശ്രമം നടത്താറുണ്ട്.
പക്ഷേ കണ്ണീരിന് ഒരവസരം നല്‍കാതെ
തോര്‍ത്തുമുണ്ടിന്റെ അറ്റം 
കൊണ്ടത്‌  എടുത്തുമാറ്റാനവള്‍ക്കറിയാം.

ഇളം കാറ്റില്‍ പറന്നലച്ചുവന്ന ചൊറുപൊടിയ്ക്കാകട്ടെ 
ഒരു ചെറിയ അസ്വസ്ഥത മാത്രമെ നല്‍കാനാകൂ...
കണ്ണ് തിരുമ്മിച്ചുമപ്പിച്ചാല്‍ കണ്ണീരിനെ അലാറം വെച്ച് വിളിപ്പിയ്ക്കും പോലെയാണെന്നാണമ്മ പറയുന്നത്.

അവന്റെ  പഠനങ്ങള്‍ തെളിയിക്കുന്നത്
 കണ്ണിലെ കണ്ണീര്‍ത്തറവാട്ടില്‍ 
കണ്ണീരൊളിപ്പിച്ച പുഴ 
റഡാര്‍ കണ്ടെത്തിയെന്നാണ്!
ഇനി കണ്ണീര് കെട്ടി 
ഫാനും ലൈറ്റും കറക്കാമെന്ന്!
അങ്ങനെ 
റഡാറ് പറഞ്ഞ തറവാട് പൊളിച്ച്
 പുഴകണ്ടെത്താനുത്തരവായി.

ഭൂഗര്‍ഭ അറയിലെ
ഭൂഗര്‍ഭപ്പുഴ തേടിക്കുഴിച്ചയവന്‍ 
ഒടുവില്‍ കണ്ണീര്‍ച്ചാലൊഴുകിയ വഴി കണ്ടു.
കണ്ണീരില്ല തന്നെ .
തണുത്തിടത്തവന്‍ കൈ തൊട്ട് നാവില്‍ വെച്ചു.
ഉപ്പിന്റെ നേരിയ രസമുണ്ട്.

വെള്ളം ഒഴുകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.

വഴിമാറിയൊഴുകിയ പുഴ കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.


ദാഹം മൂത്തവന്‍ 
വെള്ളം കൊണ്ട് വരാന്‍ 
എല്ലാവരോടും വലിയ ഉച്ചത്തില്‍ കൂകി...
പക്ഷേ ആരും കേട്ടില്ല.
ഒടുവില്‍ റഡാറിനെ നോക്കാതെ 
സ്വന്തം കണ്ണിലെ പുഴവെള്ളം കുടിയ്കക്കാനായവന്‍ കുഴിച്ചു.
തന്റെ കണ്ണിലെ അദൃശ്യമായ 
കടലിനെയും, പുഴയെയും,  
 തേടിയവന്‍ കുഴിയ്ക്കല്‍ തുടര്‍ന്നു.

പക്ഷേ! പിറ്റേന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിക്കുകയായിരുന്നു...
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു -
ജലം കിട്ടാതെയായിരുന്നത്രേ അവന്റെ മരണം .

Tuesday, July 10, 2012

ഭയമാണ് !


ഒറ്റയ്ക്കാകുമ്പോള്‍ കറുത്ത മുഖം മൂടിയണിഞ്ഞ്...
തണുത്ത രാത്രികളില്‍ നിശബ്ദമായി കൂകിക്കൊണ്ട്...
പരീക്ഷാത്തലേന്ന് മനസ്സിലാഞ്ഞടിയ്കക്കുന്ന ഇടിവാള്‍ രൂപത്തില്‍...
പട്ടിക്കൂട്ടം പിറകെ വരുമ്പോള്‍ കാലുകളുടെ ഊന്നുവടി ഒളിപ്പിച്ചുവെച്ചുകൊണ്ട്...
വയറ് കണ്ണിനെ നനച്ച് നിര്‍ത്തുമ്പോള്‍ തുടരെത്തുടരെ ആവര്‍ത്തിയ്ക്കുന്ന വര്‍ണ്ണശബളമായ് സ്വപ്നങ്ങളുടെ രൂപത്തില്‍...
     എത്തുന്ന നിന്നെ...
നിന്നെ മാത്രമാണെനിയ്ക്ക് ഭയം"

Saturday, July 7, 2012

കഴിഞ്ഞ കഥ...


ആദ്യം മൂത്ത് പാകമായ് നിന്ന് കൊതിപ്പിച്ചു.
മഞ്ഞച്ച കണ്ണുകള്‍ നിന്റെ മേനിയ്ക്ക് വിലപറഞ്ഞു.
കിട്ടിയ ഉരുപ്പടിയെ "ഞങ്ങളാവോളം പുകഴ്ത്തി”.

ഉരുപ്പടിയിലെ വെള്ള കാണാതെ,
ഞങ്ങളെ മണ്ടന്മാരാക്കിയതോര്‍ത്ത്അവര്‍ മടങ്ങി.
ലാഭം!എന്ന വാക്ക് ആര്‍ക്കാണ് കൂടുതല്‍ യോജിയ്ക്കുന്നതെന്നോര്‍ത്ത് തലപുകയാന്‍ നേരം കൊടുത്തില്ല.
"തിടുക്കമായിരുന്നു വല്ലാത്ത തിടുക്കം”.

പിന്നെ 15 ദിവസത്തിനകം തരാം
എന്നയാധാരത്തില്‍ മറ്റൊരാള്‍ക്ക്.
അളന്നളന്നയാള്‍ വിലപറഞ്ഞു,
മുറിച്ചു നോക്കിയിട്ട് ചൂണ്ടുവിരലും തള്ളവിരലും കൂട്ടി മൂന്നെന്ന് ആംഗ്യം കാട്ടി.
"വിലയല്ല ഉഗ്രനെന്നാവണം”.

അയാള്‍ വാക്കു പാലിച്ചു.
15 ദിവസത്തിനകം അവള്‍ തിരികെ വന്നു.
ആകെ സുന്ദരിയായിരുന്നു.
ശരീരത്തിന് നല്ല മിനുമിനുപ്പ്,
കാലുകള്‍ നീണ്ടിട്ടാണ്,
ആഭരണങ്ങളില്ലെങ്കിലും കുപ്പായം മേല്‍ത്തരമായിരുന്നു.

"അന്ന് തുടങ്ങിയ നില്‍പ്പാണ്”...

രാപകലോളം ഉമ്മറത്ത്,
അതിഥികളെ കാത്ത്,
വിരുന്നിലെ ലഹരി തീരുന്നതുവരെ,
ചിലപ്പോള്‍ മയക്കവും അവിടെത്തന്നെ,
ഇതെല്ലാം അവള്‍  താങ്ങും,
ഒരു നിശ്ചല പുഞ്ചിരിയോടെ...

പക്ഷേ!
കാലം കൊഴിയുമ്പോള്‍
അവളുടെ നീണ്ട കാലുകള്‍ക്കുളുക്കുവീണിരിയ്ക്കുന്നു,
അവളുടെ ശരീരം ചിതലും വെറുത്തിരിയ്ക്കുന്നു,
കുപ്പായത്തിന്റെ നിറം മങ്ങിയിരിയ്ക്കുന്നു,
മിനുമിനുപ്പല്ല
ഒരു തരുതരുപ്പാണ്...

വയസ്സായിട്ടും,
അവളഥിതികള്‍ക്കായി, മടിനിവര്‍ത്തിയ്ക്കൊണ്ടേയിരുന്നു...

ഒടുവില്‍ ശക്തിക്ഷയിച്ചൊരു പൊട്ടിത്തകരല്‍!
പിന്നെ, മാറാലകളുടെ പണിപ്പുരയിലേയ്ക്ക്...
ഇടവിട്ട ജനലിഴകളിലൂടെ അവള്‍ കണ്ടു...
ഒരു പുതുജീവന്‍ മണ്ണില്‍ നിന്നും കാല്‍വലിയ്ക്കുന്നത്...
Tuesday, July 3, 2012

കുമിള


യാത്രകളില്‍
പരിചയപ്പെടുന്നവര്‍,
പരിചയം പുതുക്കുന്നവര്‍,
കാലം എക്സ്പയറി ഡേറ്റ് കഴിയ്ക്കുമ്പോള്‍ സൌഹൃദം റിന്യൂ ചെയ്യാനാകാതെ,
വീണ്ടും പരിചയപ്പെടുന്നവര്‍...

ഒടുവിലിതാ...
ഡബിള്‍ബെള്‍!
വീട്ടിലേയ്ക്കാനയിയ്ക്കുമ്പോള്‍...

കളിയുടെ രസത്തിലോ,
കണ്ണീരിലോ,
ഉന്മാദത്തിലോ,
സോപ്പുകുമിളകളുണ്ടാക്കിപ്പുറത്തിവിടുന്നവര്‍...
ഏറെ ദൂരം പോകില്ലെന്നറിഞ്ഞിട്ടും...
ഒന്നുമറിയാതെ വീണ്ടും വീണ്ടും ...

വലിച്ചെറിഞ്ഞ മാങ്ങയെ പാടെ മറന്ന പോലെ,
അദൃശ്യമായ് ജീവിതങ്ങളെ കൂട്ടിയിണക്കുന്ന കുമിളകളും പൊട്ടിത്തകര്‍ന്നുവെന്നോര്‍ത്ത്,
നാം പുതിയ കുമിളകള്‍ പണിതുതീര്‍ക്കുന്നു...

മറന്ന ബന്ധങ്ങള്‍ക്കെല്ലാം പറയാനുള്ളതും
ഡബിള്‍ബെല്ലിനപ്പുറത്തെ,
ഈ കുമിളകളെക്കുറിച്ചാണ്!

കൊടുങ്കാറ്റിനെ എതിരിട്ടും,
മഴയെ തോല്‍പ്പിച്ചും,
ഇടിയില്‍ ഭയപ്പെടാതെയും,
വെയിലില്‍ വെന്ത് പോകാതെയും,
നിങ്ങളെയന്ന് കാത്തവനാണെന്നാരോടെങ്കിലും
പറയുമെന്നും കാത്ത് കൊതിച്ചിരുന്ന കുമിളകള്‍ ഉറങ്ങിയിട്ടുണ്ടാവും...
ഒരു വിളിയില്‍ ഉണരുവാന്‍ കാത്ത് കാത്ത്...